തൊടുപുഴ: തൊടുപുഴ അറക്കുളത്ത് വാടകയ്‌ക്കെടുത്ത ആ‍ഢംബര കാറില്‍ കഞ്ചാവ് കടത്തിയ യുവാവ് പൊലീസ് പിടിയില്‍. വാഹന പരിശോധനയ്ക്കിടെ പോലീസിനെ വെട്ടിച്ചു ചീറിപ്പാഞ്ഞ കാര്‍ വൈദ്യുത ടെലിഫോണ്‍ പോസ്റ്റുകളും വില്ലേജ് ഓഫിസിന്റെ മതിലും ഇടിച്ചു തകര്‍ത്തു.

അറക്കുളം പന്ത്രണ്ടാം മൈലില്‍ തിങ്കളാഴ്ച രാത്രി 9.30 ഓടെയാണു സംഭവം. സ്ഥലവാസിയായ യുവാവ് വാടകക്കെടുത്ത കാറില്‍ കഞ്ചാവ് കടത്തുന്നതായ വിവരത്തെത്തുടര്‍ന്നു പൊലീസ് സ്ഥലത്തെത്തി. പോലീസ് സമീപിച്ചപ്പോഴേക്കും അമിത വേഗതയില്‍ പിന്നോട്ടെടുത്ത കാര്‍ വൈദ്യുത പോസ്റ്റുകളില്‍ ഇടിച്ചു. പെട്ടെന്നുതന്നെ മുന്നോട്ടെടുത്ത് ചീറിപ്പാഞ്ഞ കാര്‍ സമീപമുണ്ടായിരുന്ന ടെലിഫോണ്‍ പോസ്റ്റും വില്ലെജ് ഓഫിസിന്റെ മതിലും ഇടിച്ചു തകര്‍ത്തു.

ശബ്ദം കേട്ട് നാട്ടുകാര്‍ക്കൊപ്പമെത്തിയ പോലീസ് കാറോടിച്ചിരുന്ന യുവാവിനെ പിടികൂടി പരിശോധിച്ചപ്പോഴാണു കഞ്ചാവു കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് കാറും കസ്റ്റഡിയിലെടുത്തു.

എറണാകുളം ചെറായിയില്‍ നിന്ന് 18000 രൂപ ദിവസ വാടക്കെടുത്ത കാറാണിതെന്നാണു വിവരം. 85 ലക്ഷത്തിന്റെ ആഡംബര കാര്‍ പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്.