കണ്ണൂര്‍: കണ്ണൂരിലെ പാനൂർ പൊലീസ് സ്റ്റേഷന്‍റെ മുറ്റത്തിനി ബോംബ്കുഴി ഉണ്ടാവില്ല. പൊലീസ് പിടിച്ചെടുക്കുന്ന ബോംബുകൾ സൂക്ഷിക്കാന്‍ നിർമ്മിച്ച കുഴിക്ക് പകരം ഇനി ഇവിടെ മനോഹരമായ പൂന്തോട്ടമാണ്. പാനൂര്‍ പൊലീസ് സ്റ്റേഷനിലെ പൂന്തോട്ടം നാളെ ഉദ്ഘാടനം ചെയ്യും.ബോംബ് നിര്‍മ്മാണം കുറഞ്ഞതാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയത്.
പാനൂരെന്ന പേരിനോട് തന്നെ പേടിയുളവാക്കി രക്തംചിതറിയ രാഷ്ട്രീയ കുടിപ്പകയുടെ സ്മാരകമെന്നോണം ബോംബ്കുഴിയെ മറച്ച് രക്തവർണത്തിൽ ഒരു ഇൻസ്റ്റലേഷൻ ഒരുക്കിയിട്ടുണ്ട്. ലൈറ്റുകളും, ചെറുതടാകങ്ങളും, കൈവഴികളും ശിൽപ്പങ്ങളുമായി ഭംഗിയുള്ള ഒരു പൂന്തോട്ടമാണ് ലക്ഷ്യം.1999ൽ കെ.ടി ജയകൃഷ്ണൻ മാസ്റ്റർ വധം മുതലിങ്ങോട്ട്, വ്യാപകമായി കണ്ടെടുത്ത ബോംബുകൾ സൂക്ഷിക്കാനായി പാനൂർ പൊലീസ്സ്റ്റേഷൻ മുറ്റത്ത് നിർമ്മിച്ചതായിരുന്നു ബോംബ് കുഴി.
ബോംബ്സ്ക്വാഡ് എത്തുന്നത് വരെ പിടിച്ചെടുക്കുന്ന ബോംബുകൾ സൂക്ഷിക്കുന്നത് ബോംബ് കുഴിയിലായിരുന്നു. പതിനെട്ട് വർഷങ്ങൾക്കിപ്പുറം കുടിപ്പകയിൽ നിന്ന് പാനൂർ തിരിഞ്ഞ് നടക്കാൻ തുടങ്ങിയെന്ന സൂചനകളുമായി ഇപ്പോൾ ബോംബുകളും ബോംബേറ് കേസുകളും കുറഞ്ഞു. നല്ല മാറ്റങ്ങളെ നാടറിയാൻ പാനൂർ പൊലീസ് തന്നെ വിരിയിച്ചെടുത്തതാണ് ഈ ആശയം.
നാളെ പാനൂർ പൊലീസ് സ്റ്റേഷനിൽ നടക്കുന്ന പരിപാടിയിൽ വയോജനങ്ങളെ ആദരിക്കുന്നുമുണ്ട്. സ്റേറഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിലീപ് കുമാർ വരച്ച ഗാന്ധിയുടെ ഛായാചിത്രം ചടങ്ങിൽ വെച്ച് കൈമാറുന്നുമുണ്ട്. ഏതായാലും, നല്ല മാറ്റങ്ങളുടെ നൂറു പൂക്കൾ വിരിയട്ടെയെന്ന പ്രത്യാശയിലാണ് പൊലീസ്.
