കൊച്ചി: അപ്രതീക്ഷിതമായി പാചകവാതക വില കൂട്ടിയപ്പോള്‍ ലാഭം കൊയ്തത് ഗ്യാസ് ഏജൻസികൾ. ഇന്നലെ വിതരണം ചെയ്ത സിലിണ്ടറുകൾ പലതും ബില്ല് ചെയ്തിരിക്കുന്നത് ഫെബ്രുവരി 28നാണ്. ബിൽ തീയതി മാറ്റാതെ പുതുക്കിയ തുക ഈടാക്കിയതിനാൽ കോടികളുടെ നികുതി നഷ്ടമാണ് സർക്കാരിന് ഉണ്ടായിരിക്കുന്നത്.
കൊച്ചി കളമശ്ശേരി സ്വദേശി അൻവർ. ബുക്ക് ചെയ്ത് പാചകവാതക സിലണ്ടറെടുക്കാൻ കഴിഞ്ഞ ദിവസം കളമശ്ശേരിയിലെ ഗ്യാസ് ഏജൻസിയിലെത്തിയതാണ്. ഡെലിവറി ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി ഫെബ്രുവരി 28. എന്നാൽ പേന കൊണ്ട് മാർച്ച് ഒന്നാക്കിയിരിക്കുന്നു. കന്പ്യൂട്ടർ ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്ന തുക 675 രൂപ.
എന്നാൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയത് പുതുക്കിയ തുകയായ 765 രൂപ. മാർച്ച് ഒന്ന് മുതലാണ് കേന്ദ്രസർക്കാർ പാചക വാതക വിലയിൽ വർദ്ധന വരുത്തിയിത്. സബ്സിഡിയുള്ള സിലിണ്ടറിന് 90 രൂപ കൂട്ടി. ഈ തുക സർക്കാരിന് കൈമാറാതെ ലാഭം കൊയ്യാനാണ് ഏജൻസി അധികൃതർ പഴയ തീയതിൽ ബിൽ നൽകുന്നതെന്നാണ് ആരോപണം.
വില വർദ്ധന പെട്ടെന്നായതിനാൽ കമ്പ്യൂട്ടറില്‍ പെട്ടെന്ന് മാറ്റം വരുത്താനായില്ലെന്നാണ് ഗ്യാസ് ഏജൻസി അധികൃതരുടെ നിലപാട്. വീടുകളിലേക്ക് വിതരണം ചെയ്യാനുള്ള സിലിണ്ടറുകളെല്ലാം രാവിലെ തന്നെ ഏജൻസി അധികൃതർ വണ്ടികളിൽ കയറ്റി അയയ്ക്കും. ഈ ബില്ലുകളെല്ലാം ഫെബ്രുവരി 28ലെ തീയതിയിൽ നൽകിയാൽ 1000 സിലിണ്ടർ വിതരണം ചെയ്യുന്ന ഏജൻസി ഉടമയയ്ക്ക് ഒറ്റയടിക്ക് 90,000 രൂപ ലാഭിക്കാം. നഷ്ടം ഉപഭോക്താവിനും നികുതി ഇനത്തിൽ സർക്കാരിനും മാത്രം.
