ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി പ്രത്യേക സംഘത്തിന് നിര്‍ദേശം നല്‍കി. സംഭവം നടന്ന് നാലാം ദിവസവും പൊലീസ് ഇരുട്ടില്‍തന്നെയാണ്.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. തെളിവുകള്‍ ശേഖരിക്കുന്നതേയുളളൂ. ഒന്നോ രണ്ടോ ദിവസം കൂടി കാത്തിരിക്കണം. ഗൗരി ലങ്കേഷ് കൊലപാതക്കേസിലെ പ്രത്യേക അന്വേഷണസംഘത്തിന്റെ മറുപടി ഇങ്ങനെയാണ്. അക്രമികളിലേക്ക് എത്താനാവശ്യമായ ശക്തമായ തെളിവുകള്‍ ഇതുവരെയും പൊലീസിന് ലഭിച്ചിട്ടില്ല.ആര്‍ ആര്‍ നഗറിലെ വീട്ടിലും ഗൗരി ലങ്കേഷ് പത്രികയുടെ ഓഫീസിലുമാണ് പരിശോധന. ഇതിനോടകം ശേഖരിച്ച അമ്പതോളം സിസിടിവി ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലാത്തതും പൊലീസിനെ കുഴക്കുന്നുണ്ട്.
ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നുളള ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി രേഖാചിത്രം തയ്യാറാക്കാനും ഇതാണ് വെല്ലുവിളി. അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തത് സര്‍ക്കാരിനും വലിയ സമ്മര്‍ദമാണ് ഉണ്ടാക്കുന്നത്. പ്രത്യേക സംഘത്തിന്റെ യോഗം വിളിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് തീരുമാനം. പരമാവധി വഴികളിലൂടെ വിവരം ശേഖരിക്കും.
അന്വേഷണപുരോഗതിയെക്കുറിച്ച് മുഖ്യമന്ത്രിയോട് വിശദീകരിച്ചുവെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. അന്വേഷണത്തിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ നക്‌സലുകളുടെയും പങ്ക് പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി ആവര്‍ത്തിച്ചു. തെളിവെടുപ്പിന് ശേഷം വൈകീട്ട് അന്വേഷണസംഘം യോഗം ചേരുന്നുണ്ട്. ഫോറന്‍സിക് പരിശോധനയും പൂര്‍ത്തിയായാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
