ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം അന്വേഷണസംഘം പുറത്തുവിട്ടു.സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും സഹായത്തോടെയാണ് അന്വേഷണസംഘം രേഖാചിത്രം തയ്യാറാക്കിയത്.രണ്ട് പേർ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തു എന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം.
ഇരുപത്തിയഞ്ചിനും മുപ്പത്തിയഞ്ചിനുമിടയിൽ പ്രായമുളള രണ്ട് പേരാണ് ഗൗരി ലങ്കേഷ് വധത്തിൽ നേരിട്ട് പങ്കെടുത്തത് എന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണസംഘം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയതും. കൊലപാതകം നടന്ന് നാൽപ്പതാം ദിവസം മൂന്ന് രേഖാചിത്രങ്ങളാണ് ബെംഗളൂരുവിലെ സിഐഡി ആസാഥാനത്ത് പുറത്തുവിട്ടത്.
സിസിടിവി ദൃശ്യങ്ങളും പരിസരവാസികളുടെ മൊഴിയും നിർണായകമായി. ഗൗരിയുടെ വീടിന് മുന്നിലെ സിസിടിവി ദൃശ്യങ്ങളിൽ ഹെൽമറ്റ് ധരിച്ച ഒരാളുടെ ദൃശ്യം പതിഞ്ഞിരുന്നു. എന്നാല്‍ അവ്യക്തമായിരുന്നു അത്. പിന്നീട് പല ലാബുകളിലേക്കും അയച്ച് വ്യക്തത വരുത്തി. ആർ ആർ നഗറിലും പരിസരങ്ങളിലുമുളള 75 ടിബിയിലധികം ദൃശ്യങ്ങൾ പരിശോധിച്ചാണ് രേഖാചിത്രത്തിലേക്ക് എത്തിയത്. 250ൽ അധികം പേരിൽ നിന്ന് ഇതിനോടകം വിവരങ്ങൾ തേടിയെന്ന് പൊലീസ് പറഞ്ഞു. ഏഴ് ദിവസമെങ്കിലും ഗൗരിയുടെ വീടിനടുത്ത് പ്രതികൾ താമസിച്ചിരിക്കാം. ഗൗരിയുടെ നീക്കങ്ങൾ അവർ നിരന്തരം നിരീക്ഷിച്ചിരുന്നു. പ്രതികളെക്കുറിച്ച് നിലവിൽ ആകെയുളള സൂചന രേഖാചിത്രം മാത്രമാണ്.
കൽബുർഗി, ധബോൽക്കർ കേസുകളുമായി താരതമ്യം ചെയ്തെങ്കിലും അത് ചെയ്തവർ തന്നെയാണ് ഗൗരിയുടെ വധത്തിന് പിന്നിലെന്ന് ഉറപ്പിക്കാനാവില്ലെന്നും അന്വേഷണസംഘം പറയുന്നു. ഒരു സംഘടനയെയും പ്രതിസ്ഥാനത്ത് നിർത്തിയിട്ടില്ലെന്നും വ്യക്തമാക്കി. പൊതുജനങ്ങളുടെ സഹായം തേടിയ പൊലീസ് വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
