കൊല്ലം: കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വിദ്യാര്‍ത്ഥിനി വീണ് മരിച്ച സംഭവം ക്രൈബ്രാഞ്ച് അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍..കേസിലെ പ്രതികളായ അധ്യാപകര്‍ക്ക് മുൻകൂര്‍ ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് നിലവിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന ആവശ്യം.

രണ്ട് ദിവസം മുൻപാണ് ട്രിനിറ്റി ലൈസിയം സ്കൂളിലെ സിന്ധു, ക്രസന്‍റ് എന്നീ അധ്യാപികമാര്‍ക്ക് ഹൈക്കോടതി മുൻകൂര്‍ ജാമ്യം നല്‍കിയത്. പ്രതികളെ അറസ്റ്റ് ചെയ്യാതെ ജാമ്യത്തിന് പൊലീസ് വഴിയൊരുക്കി എന്നാണ് മരിച്ച ഗൗരി നേഹയുടെ മാതാപിതാക്കളുടെ ആരോപണം. മൂന്നാഴ്ചയോളം പ്രതികളെ പിടിക്കാതെ അവരെ സംരക്ഷിച്ച ലോക്കല്‍ പൊലീസില്‍ നിന്നും അന്വേഷണം മാറ്റണമെന്നാണ് മാതാപിതാക്കളുടെ പ്രധാന ആവശ്യം..

മുൻകൂര്‍ ജാമ്യത്തിന് അപേക്ഷിച്ചാലും പ്രതികളെ തങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനാകുമെന്ന് കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലും പൊലീസ് പറഞ്ഞിരുന്നു. പ്രതികള്‍ക്കെതിരെ സിസിടിവി തെളിവുകള്‍ ഹാജരാക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ മാസം 20 നാണ് സ്കൂളിലെ മൂന്നാം നിലയില്‍ നിന്ന് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹ വീഴുന്നത്. മൂന്ന് ദിവസത്തിന് ശേഷം മരിച്ചു..സ്കൂളിലെ അധ്യാപകര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയരുന്നു.