കൊല്ലം: ട്രിനിറ്റി സ്കൂളിലെ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ
അധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത് അംഗീകരിക്കാനാകില്ല.

പ്രിന്‍സിപ്പല്‍ ജോണിന് പ്രായപരിധി കഴിഞ്ഞെന്നും ഡിഡിഇ അറിയിച്ചു. പ്രിന്‍സിപ്പലിനെ പുറത്താക്കാന്‍
ഡിഡിഇ മാനേജ്മെന്‍റിന് നിര്‍ദ്ദേശം നല്‍കി. അധ്യാപികമാരെ തിരിച്ചെടുത്ത്, കേക്ക് മുറിച്ച് ആഘോഷിച്ചത് സമൂഹമനസാക്ഷിയെ ഞെട്ടിച്ചെന്നും വിഷയത്തില്‍ സ്‌കൂളിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നും കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് നോട്ടീസ് നല്‍കിയത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരി നേഹ സ്കൂള്‍ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന സിന്ധു പോള്‍, ക്രസന്റ് എന്നീ അധ്യാപികമാരെ നാല് മാസത്തിന് ശേഷമാണ് തിരിച്ചെടുത്തത് . മടങ്ങിയെത്തിയ അധ്യാപകമാര്‍ക്ക് മികച്ച് വരവേല്‍പാണ് മാനേജ്മെന്‍റ് നല്‍കിയത്. 

അതേസമയം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അധ്യാപികമാരെ തിരിച്ചെടുത്തതെന്ന് ഗൗരി നേഹയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ട്രിനിറ്റി സ്കൂളിന് സമീപം ജസ്റ്റിസ് ഫോര്‍ ഗൗരി നേഹ എന്നെഴുതി സ്ഥാപിച്ച പോസ്റ്ററുകള്‍ നശിപ്പിച്ചതായും പരാതിയുണ്ട്.

അധ്യാപികമാരുടെ മാനസിക പീഡനത്തെത്തുടര്‍ന്നാണ് ഗൗരി ആത്മഹത്യ ചെയ്തതെന്ന് ആരോപണം പല കോണുകളില്‍ നിന്നുമുയര്‍ന്നു. യുവജനസംഘടനകളുടെ വലിയ പ്രതിഷേധം ഉണ്ടായതോടെയാണ് അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തത്. പിന്നീട് നവംബറില്‍ ഹൈക്കോടതി ഇവര്‍ക്ക് നിബന്ധനകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.