എനിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. ഈ അടുത്ത് എനിക്കൊരു അപകടം സംഭവിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. ചികിത്സയ്ക്ക് പണം ആവശ്യമാണ്, സഹായിക്കണം എന്നാണ് പ്ലക്കാർഡിൽ എഴുതിയിരുന്നത്. 

ദില്ലി: ദില്ലി തെരുവോരങ്ങളിൽ പ്ലക്കാർഡും പിടിച്ച് സഹായത്തിനായി കൈനീട്ടിയ സൈനികന് കൈത്താങ്ങായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. പട്ടാളത്തിൽനിന്ന് വിരമിച്ചതിനുശേഷമുണ്ടായ അപകടത്തെ തുടർന്ന് അവശനിലയിലായ പീതാംബരന് സഹായഹസ്തവുമായാണ് ​ഗംഭീർ എത്തിയത്. 

ദില്ലിയിലെ കോനൗട്ട് പ്രദേശത്ത് നിന്നാണ് പീതാംബരനെ ​ഗംഭീർ ആദ്യമായി കാണുന്നത്. ഊന്നുവടിയും പിടിച്ച് കൈയ്യിൽ ഒരു പ്ലക്കാർഡുമായി തെരുവിൽ നിൽക്കുന്ന പീതാംബരനെ ആരും ഒന്നു ശ്രദ്ധിക്കും. കാരണം അദ്ദേഹത്തിന്റെ കൈയിലെ ആ പ്ലക്കാർഡ് തന്നെയാണ്. എനിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. ഈ അടുത്ത് എനിക്കൊരു അപകടം സംഭവിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. ചികിത്സയ്ക്ക് പണം ആവശ്യമാണ്, സഹായിക്കണം എന്നാണ് പ്ലക്കാർഡിൽ എഴുതിയിരുന്നത്. 

പട്ടാളത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതിനായി കഴുത്തിൽ തിരിച്ചറിയൽ കാർഡ് അണിഞ്ഞാണ് പീതാംബരൻ നിൽക്കുന്നത്. 1965 മുതൽ 1971 വരെ ഏഴ് വർഷമാണ് പീതാംബരൻ‍ സൈനികനായി സേവനം അനുഷ്ഠിച്ചത്. ഇതുകൂടാതെ 1967ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിലും പീതാംബരൻ പങ്കെടുത്തിട്ടുണ്ട്. 

ഇന്ത്യൻ സേനയുടെ ഭാ​ഗത്തുനിന്ന് വേണ്ട സഹായമോ പിന്തുണയോ പീതാംബരന് ലഭിക്കുന്നില്ലെന്ന് കാണിച്ച് ഗംഭീർ ട്വീറ്റ് ചെയ്തു. പീതാംബരന്റെ ചിത്രമുൾപ്പടെയാണ് ഗംഭീർ ട്വീറ്റ് ചെയ്തത്. തെരുവുകളിൽ ഭിക്ഷയെടുക്കുന്നത് നിർത്താൻ പീതാംബരനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വിഷയം കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാമാരൻ, പ്രതിരോധ മന്ത്രാലയ വക്താവ്, പബ്ലിക് ഇൻഫർമേഷൻ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്താനും ​ഗംഭീറിന് സാധിച്ചിട്ടുണ്ട്.

Scroll to load tweet…

സംഭവം ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്കകം വിഷയത്തിൽ പ്രതികരിച്ച് അധികൃതർ രം​ഗത്തെത്തി. നിങ്ങൾ ഉയർത്തിയ ആശങ്കയെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഞങ്ങളുടെ ഉത്തരവാദിത്വം എത്രയും വേഗത്തിൽ പൂർണ്ണമാക്കുമെന്ന് ‍ഉറപ്പുതരുന്ന‍തായും പ്രതിരോധ മന്ത്രാലയ വക്താവ് ​ഗംഭീറിനെ അറിയിച്ചു.