ടെല്‍ അവീവ്: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ നടപടിയ്‌ക്കെതിരെ പശ്ചിമേഷ്യയില്‍ പ്രതിഷേധം തുടരുന്നു.ഗാസയിലെ ഹമാസ് ആയുധപ്പുരകളിലേക്ക് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഹമാസ് അനുകൂലികള്‍ കൊല്ലപ്പെട്ടു. മെഹ്മൂദ് അല്‍ അതല്‍, മൊഹമ്മദ് സഫാദി എന്നീ ഹമാസ് അനുകൂലികളാണ് കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ ആകെ നാല് പേരാണ് പ്രദേശത്ത് കൊല്ലപ്പെട്ടത്.ആറുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഹമാസ് അനുകൂലികള്‍ തങ്ങളെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം നടത്തിയതിന് തിരിച്ചടി നല്‍കിയതാണെന്നാണ് ഉസ്രായേലിന്റെ വിശദീകരണം. പലസ്തീനിലെ തെരുവുകളില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജെറുസലേമിലും നടന്ന ഏറ്റുമുട്ടലുകളില്‍ 217 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ജോര്‍ദാന്‍, ഈജിപ്ത്, ഇറാന്‍ ,തുര്‍ക്കി എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമാണ്.

ജോര്‍ദാന്‍, ഈജിപ്ത്, ഇറാന്‍ ,തുര്‍ക്കി എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമാണ്. ജറുസലേമിലേക്ക് എംബസികള്‍ മാറ്റിസ്ഥാപിക്കുന്നവര്‍ ആരായാലും അവര്‍ പലസ്തീനികളുടെ ശത്രുക്കളാണെന്ന് ഹമാസ് നേതാവ് ഫാത്തി ഹമ്മദ് പറഞ്ഞു. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ഐക്യരാഷ്‌ട്രസഭ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിലും വിമര്‍ശനമുയര്‍ന്നു. നീക്കം മേഖലയിലെ സമാധാനം തകര്‍ത്തുവെന്ന് വിവിധ രാജ്യങ്ങള്‍ കുറ്റപ്പെടുത്തി. എന്നാല്‍ യാഥാര്‍ത്ഥ്യം കണക്കിലെടുത്താണ് നീക്കമെന്നും ഇസ്രായേലിനോട് ഐക്യരാഷ്‌ട്ര സഭ പക്ഷപാതപരമായ സമീപനം പുലര്‍ത്തുകയാണെന്നുമാണ് അമേരിക്കയുടെ നിലപാട്.