ദോഹ: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ജി.സി.സി രാജ്യങ്ങള്‍ പുതിയ നയം രൂപീകരിക്കണമെന്ന് ദോഹഫോറം ആഗോള സമ്മേളനത്തില്‍ നിര്‍ദേശമുയര്‍ന്നു. ദോഹ ഷെറാട്ടന്‍ ഹോട്ടലില്‍ നടന്ന പതിനേഴാമത് ദോഹ ഫോറത്തിലാണ് ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധവും ഇന്ത്യയിലെ അഭയാര്‍ത്ഥി പ്രശ്‌നങ്ങളും ചര്‍ച്ചയായത്.

കിഴക്കന്‍ ഏഷ്യയിലെയും ഇന്ത്യന്‍ ഉപഭൂഖണ്ഡങ്ങളിലെയും രാഷ്ട്രീയ വെല്ലുവിളികള്‍ എന്ന വിഭാഗത്തിലാണ് ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ ഊര്‍ജ കയറ്റുമതിയിലും തൊഴിലാളി കയറ്റുമതിയിലും ഇന്ത്യാ ഗള്‍ഫ് ബന്ധം ആധിപത്യം പുലര്‍ത്തുന്നതായി ഗള്‍ഫ് അറേബ്യന്‍ പെനിന്‍സുല സ്റ്റഡീസ് ഫോറം ഖത്തര്‍ സെക്രട്ടറി ഷെയ്ഖ് സുഹൈ ബിന്‍ മുഹമ്മദ് അല്‍താനി പറഞ്ഞു. ജിസിസി രാജ്യങ്ങള്‍ ഇന്ത്യയുമായി സുരക്ഷ ഉള്‍പെടെയുള്ള തന്ത്ര പ്രധാന വിഷയങ്ങളില്‍ സഹകരണം ഏകോപിപ്പിക്കേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ജിസിസി രാജ്യങ്ങള്‍ പുതിയ നയം രൂപീകരിക്കണമെന്നും ചെറുകിട മേഖലയില്‍ നിക്ഷേപത്തിലൂടെയും വൈവിധ്യവത്കരണത്തിലൂടെയും മേധാവിത്തം പുലര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രാധാന്യവും എന്ന വിഭാഗത്തിലാണ് ഇന്ത്യയിലെ അഭയാര്‍ത്ഥി പ്രശ്‌നം ചര്‍ച്ചയായത്. രാജ്യത്തിന്റെ സമസ്ത മേഖലകളിലും അഭയാര്‍ത്ഥികള്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അഭയം നല്‍കുന്ന രാജ്യങ്ങളിലെ തൊഴില്‍ മേഖലയില്‍ അഭയാര്‍ത്ഥികള്‍ ചെലുത്തുന്ന സ്വാധീനം എത്രത്തോളമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അവലോകനം ചെയ്തു. 14 ,15 തിയ്യതികളിലായി നടന്ന ആഗോള സമ്മേളനം ഇന്നലെ രാത്രിയോടെ സമാപിച്ചു.