കൊച്ചി: സിറോ മലബാര്‍ സഭയിലെ ഭൂമിവില്‍പന സംബന്ധിച്ച വിവാദത്തില്‍ സഭക്കുണ്ടായ നാണക്കേടില്‍ കര്‍ദ്ദിനാള്‍ ആലഞ്ചരി ഖേദം പ്രകടിപ്പിച്ചു. കൊച്ചിയില്‍ നടന്ന സിനഡ് യോഗത്തിലാണ് ഖേദപ്രകടനം. വിഷയം സിനഡില്‍ ചര്‍ച്ചചെയ്തില്ല. വ്യാഴാഴ്ചത്തെ സിറോ അവറില്‍ പരിഗണിക്കും. വിവാദം പ്രാദേശിക പ്രശ്‌നം മാത്രമാണെന്നും സിനഡില്‍ വിശദീകരണം. 

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷയില്‍ സഭയിലെ 62 മെത്രാന്‍മാര്‍ പങ്കെടുക്കുന്ന സിനഡ് യോഗമാണ് തുടങ്ങിയിരിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് യോഗം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വൈദിക സമിതി കത്ത് നല്‍കിയിട്ടുണ്ട്. ആറുദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തിനിടെ കര്‍ദിനാള്‍ തന്നെ മെത്രാന്‍മാര്‍ക്കുമുന്നില്‍ ഭൂമിയിടപാട് സംബന്ധിച്ച തന്റെ നിലപാട് വിശദീകരിക്കുമെന്നാണ് സൂചന. എറണാകുളം അങ്കമാലി അതിരൂപതയില്‍ നിന്ന് കടുത്ത എതിര്‍പ്പ് ഉയരുന്നുണ്ടെങ്കിലും മറ്റു രൂപതകളിലെ മെത്രാന്‍മാര്‍ കര്‍ദിനാളിനെതിരെ വിമര്‍ശനം ഉന്നയിക്കില്ലെന്നാണ് കരുതുന്നത്. 

അതിരൂപതയിലെ വൈദികരടക്കമുളളവരുമായി സമവായത്തിനുളള സാധ്യതയും സിനഡ് പരിശോധിക്കും. ഇതിനിടെ അതിരൂപതാ മുഖപത്രമായ സത്യദീപത്തില്‍ ഭൂമിയിടപടിനെ പരോക്ഷമായി വിമര്‍ശിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ വത്തിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വൈദിക സമിതി സെക്രട്ടറി ഫാ കുര്യാക്കോസ് മുണ്ടാടന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ക്രമേക്കേട് സംബന്ധിച്ച വാര്‍ത്തകളും വത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു. വത്തിക്കാനിലെ സാഹചര്യത്തെ സിറോ മലബാര്‍ സഭയിലെ പ്രശ്‌നങ്ങളുമായി കൂട്ടിവായിച്ചുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. ഇതിനിടെ ഭൂമിയിടപാടില്‍ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്ന് നിലപാടെടുത്താണ് വിശ്വാസികളുടെ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. പൂര്‍ണമായി കര്‍ദിനാളിനെ പിന്തുണക്കുന്ന റിപ്പോര്‍ട്ടും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. അതിരൂപതയിലെ ഉത്തരവാദിത്വപ്പെട്ടവരുടെ ഉറപ്പിലാണ് മൂന്നാറിലും കോതമംഗലത്തും ഭൂമി വാങ്ങാന്‍ കര്‍ദിനാള്‍ സമ്മതിച്ചതെന്നും ഇപ്പോഴത്തെ മാധ്യമ വിചാരണയില്‍ ഗൂഡാലോചനയുണ്ടെന്നുമാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.