Asianet News MalayalamAsianet News Malayalam

മിച്ചഭൂമി വിവാദത്തില്‍ ഉദ്യോഗസ്ഥരെ പഴിചാരി എംഎല്‍എ

ലാന്‍ഡ് ബോര്‍ഡ് യോഗം ചേരാത്തതിനാലാണ് കാര്യങ്ങള്‍ ബോധിപ്പിക്കാനാകാത്തതെന്നും എംഎല്‍എ വിശദീകരിക്കുന്നു. എന്നാല്‍ എംഎല്‍എയുടെ വാദം തള്ളുകയാണ് മുന്‍ ലാന്‍റ് ബോര്‍ഡംഗം. വിചാരണക്കായി നോട്ടീസ് നല്‍കിയപ്പോഴെന്നും എംഎല്‍എ ഹാജരായിട്ടില്ലെന്ന് മുന്‍ ലാന്‍ഡ്ബോര്‍ഡംഗം ചൂണ്ടിക്കാട്ടുന്നു.

George M. Thomas explain
Author
Kerala, First Published Oct 28, 2018, 10:03 AM IST

കോഴിക്കോട്: മിച്ചഭൂമി വിവാദത്തില്‍ ലാൻഡ് ബോർഡിനെ പഴിചാരി തിരുവമ്പാടി എംഎല്‍എ.കേസ് അനന്തമായി നീളുന്നതിന് കാരണം റവന്യൂ വകുപ്പിന്‍റെ പിടിപ്പുകേടാണെന്ന് ജോര്‍ജ്ജ് എം തോമസ് പറഞ്ഞു.റബ്ബര്‍ തോട്ടത്തെ തെങ്ങിന്‍തോട്ടമെന്ന് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയെന്നും എംഎല്‍എ ആരോപിക്കുന്നു. 

മിച്ചഭൂമി കേസിന് കാരണം ഉദ്യോഗസ്ഥരുടെ പിഴവാണെന്ന് എംഎല്‍എ പറഞ്ഞു. പൂര്‍വ്വികമായി കിട്ടിയ സ്വത്തിന് പട്ടയം ഉണ്ടെന്നാണ് എംഎല്‍എയുടെ വാദം. ഭൂപരിധി നിയമത്തില്‍ ഇളവ് കിട്ടേണ്ട റബ്ബര്‍ തോട്ടം തെങ്ങിന്‍ തോട്ടമായി ഉദ്യോഗസ്ഥര്‍ രേഖകളില്‍ എഴുതി. ഇങ്ങനെ പരിധിക്കപ്പുറം ഭൂമിയുണ്ടായെന്നാണ് എംഎല്‍എയുടെ വിശദീകരണം. കേസില്‍പെട്ട ഭൂമി കൈവശക്കാരുടേത് തന്നെയാണെന്ന് ലാന്‍ഡ് ബോര്‍ഡിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ മിച്ചഭൂമി കേസ് നിലനില്‍ക്കില്ലെന്നുമാണ് മറ്റൊരു ന്യായം.

ലാന്‍ഡ് ബോര്‍ഡ് യോഗം ചേരാത്തതിനാലാണ് കാര്യങ്ങള്‍ ബോധിപ്പിക്കാനാകാത്തതെന്നും എംഎല്‍എ വിശദീകരിക്കുന്നു. എന്നാല്‍ എംഎല്‍എയുടെ വാദം തള്ളുകയാണ് മുന്‍ ലാന്‍റ് ബോര്‍ഡംഗം. വിചാരണക്കായി നോട്ടീസ് നല്‍കിയപ്പോഴെന്നും എംഎല്‍എ ഹാജരായിട്ടില്ലെന്ന് മുന്‍ ലാന്‍ഡ്ബോര്‍ഡംഗം ചൂണ്ടിക്കാട്ടുന്നു. റബ്ബര്‍ തോട്ടത്തെ തെങ്ങിന്‍ തോപ്പെന്നെഴുതി മിച്ചഭൂമി കേസ് ഉണ്ടാക്കിയെന്ന വാദവും നിലനില്‍ക്കില്ല. 

എംഎല്‍എയുടേത് പ്ലാന്‍റേഷനാണെന്ന ഒരു രേഖയും വില്ലേജ് ഓഫീസിലില്ലെന്നാണ് മനസിലാക്കാനായത്. മാത്രമല്ല ഭൂപരിഷ്ക്കരണ നിയമം 81 ാം വകുപ്പ് പ്രകാരം പരിധിക്കപ്പുറം ഭൂമി കൈവശം വയ്ക്കണമെങ്കില്‍ സര്‍ക്കാരില്‍ നിന്ന് അനുമതി നേടണം. എന്നാല്‍ ഇത്തരമൊരു അനുമതി തേടിയതായി കേസുമായി ബന്ധപ്പെട്ട രേഖകളില്‍ എവിടെയും പരാമാര്‍ശിച്ചിട്ടില്ല.

മാത്രമല്ല ഇത്തരമൊരു അനുമതി ഉണ്ടെങ്കില്‍ നേരത്തെ തന്നെ കേസില്‍ നിന്ന് എംഎല്‍എക്ക് വിടുതല്‍ നേടാമായിരുന്നു. മിച്ചഭൂമിയല്ലെന്ന് ലാന്‍ഡ് ബോര്‍ഡിന് ബോധ്യപ്പെട്ടുവെങ്കില്‍ വിചാരണക്ക് വീണ്ടും ഹാജരാകാന്‍ എംഎല്‍എക്കും സഹോദരങ്ങള്‍ക്കും നോട്ടീസ് നല്‍കിയത് എന്തിനാണെന്ന ചോദ്യവും പ്രസക്തമാണ്.

Follow Us:
Download App:
  • android
  • ios