ബര്‍ലിന്‍: അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ കഴുത്തറത്ത് നിൽക്കുന്ന ഡോണൾഡ് ട്രംപിന്റെ കാർട്ടൂൺ മുഖചിത്രമായി പ്രസിദ്ധീകരിച്ച് പുലിവാല് പിടിച്ച് പ്രശസ്ത ജർമ്മൻ വാരിക ഡെർ സ്‍പീഗൽ. ഒരു കയ്യിൽ തലയും മറുകയ്യിൽ രക്തം പൊടിയുന്ന കത്തിയുമായി ഡോണൾഡ് ട്രംപ് നിൽക്കുന്ന ചിത്രമാണ് ശനിയാഴ്ച പുറത്തിറങ്ങിയ വാരികയുടെ മുഖചിത്രമായി പ്രസിദ്ധീകരിച്ചത്.

അമേരിക്ക മുന്നില്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം നല്‍കിയിരിക്കുന്നത്. 1980ല്‍ രാഷ്ട്രീയ അഭയാര്‍ഥിയായി അമേരിക്കയിലത്തെിയ ക്യൂബന്‍ വംശജനായ കാർട്ടൂണിസ്റ്റ് ഈഡൽ റൂട്രിഗസാണ് വാരികയുടെ കവര്‍ ഡിസൈന്‍ ചെയ്തത്.

ജനാധിപത്യത്തിന്‍റെ വിശുദ്ധ ചിഹ്നത്തിന്‍റെ ശിരസ്സ് ഛേദിക്കുന്നതാണ് ചിത്രം പറയുന്നതെന്നും ജനാധിപത്യത്തിന്റെ പതനമാണ് ആവിഷ്കരിച്ചതെന്നുമാണ് ഈഡൽ റൂട്രിഗസിന്‍റെ പ്രതികരണം.