ബെര്‍ലിന്‍: ജര്‍മ്മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് നഗരത്തില്‍ പാര്‍ക്ക് ചെയ്ത കാര്‍ 20 വര്‍ഷത്തിന് ശേഷം ഉടമസ്ഥന് തിരിച്ചു കിട്ടി. 1997-ല്‍ മോഷണം പോയെന്ന് കരുതിയ കാറാണ് ഇത്ര വര്‍ഷത്തിന് ശേഷം ഉടമയ്ക്ക് തിരിച്ചു കിട്ടിയത്. പാര്‍ക്ക് ചെയ്ത സ്ഥലം മറന്നു പോയതോടെയാണ് ഉടമസ്ഥന് കാര്‍ നഷ്ടമായത്. കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം തിരിച്ചറിയാന്‍ സാധിക്കാതെ വന്ന ഇയാള്‍ അത് മോഷണം പോയിരിക്കാം എന്ന വിശ്വാസത്തില്‍ പോലീസ് പരാതി നല്‍കുകയും ചെയ്തു.

ഇരുപത് വര്‍ഷത്തിന് ശേഷം നഗരത്തിലെ പഴയൊരു ഷോപ്പിംഗ് മാളിന്റെ ഉടമകള്‍ അവരുടെ ഗാരേജ് പൊളിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആണ് കഥയില്‍ ട്വിസ്റ്റുണ്ടായത്. ഗാരേജില്‍ അനാഥമായി കിടക്കുന്ന കാര്‍ കണ്ട ഉടമകള്‍ വിവരം പോലീസിനെ അറിയിച്ചു.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാറിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തിയത്. കെട്ടിട്ടത്തിലെ ഗാരേജില്‍ പാര്‍ക്ക് ചെയ്ത കാര്‍ ഇത്രകാലവും അവിടെ തന്നെ കിടക്കുകയായിരുന്നുവത്രേ. 

അധികൃതര്‍ വിവരം അറിയിച്ചതനുസരിച്ച് ഇപ്പോള്‍ 76 വയസ്സുള്ള ഉടമസ്ഥനും മകളും ഗാരേജിലെത്തുകയും വാഹനം തങ്ങളുടേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. നീണ്ട കാലം തുരുമ്പെടുത്ത് കിടന്ന വാഹനം ഇനി നന്നാക്കാന്‍ സാധിക്കാത്തവണ്ണം നശിച്ചതിനാല്‍ എത്രയും പെട്ടെന്ന് പൊളിച്ചുകളയാന്‍ ആണ് അധികൃതരുടെ തീരുമാനം. 

നേരത്തെ മാഞ്ചസ്റ്ററില്‍ സ്റ്റേഡിയത്തിന് പുറത്ത് നിര്‍ത്തിയിട്ട ബിഎംഡബ്ല്യു കാര്‍ ഉടമസ്ഥന് പാര്‍ക്ക് ചെയ്ത സ്ഥലം മറന്നു പോയതിനെ തുടര്‍ന്ന് ആറു മാസത്തോളം അനാഥമായി കിടന്ന സംഭവം വാര്‍ത്തയായിരുന്നു.തന്റെ കാറിനായി ഉടമസ്ഥന്‍ ദിവസങ്ങളോളം നഗരത്തില്‍ അലഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഉടമസ്ഥന്‍ നിര്‍ത്തിയിട്ട സ്ഥലത്ത് നിന്ന് തന്നെ കാര്‍ കണ്ടെത്തിയ പോലീസ് പാര്‍ക്കിംഗ് നിയമങ്ങള്‍ തെറ്റിച്ചതിന് കാറുടമയ്ക്ക് 5000 യൂറോ പിഴ ചുമത്തുകയും ചെയ്തു.