ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ സോനാബത്രയിലെ റെയില്‍ വേ സ്റ്റേഷനില്‍ ജര്‍മ്മന്‍കാരനെ മര്‍ദ്ദിച്ചെന്ന് പരാതി. എന്നാല്‍ പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരനായ ജര്‍മന്‍ സ്വദേശിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹിമാചലില്‍ ഒരാളെ കുത്തിപ്പരിക്കേല്‍പിച്ച കേസിലും ജര്‍മന്‍പൗരന്‍ പ്രതിയായിരുന്നെന്ന് കണ്ടെത്തി.

സ്വിസ് കമിതാക്കളെ നാലംഗസംഘം ആക്രമിച്ചതിന്റെ നാണക്കേട് മാറും മുന്‍പാണ് ഉത്തര്‍പ്രദേശില്‍ സമാന പരാതിയുമായി ജര്‍മ്മര്‍ പൗരന്‍ രംഗത്തെത്തിയത്. ഉത്തര്‍പ്രദേശിലെ അഘോരികോട്ടയിലേക്ക് പോവാനായി സോനാബത്രയിലെ റോബെര്‍ട്‌സ് ഖഞ്ജ് റെയില്‍ വേ സ്റ്റേഷനിലെത്തിയ ഹോള്‍ഗര്‍ എറീക്കിനെ സ്റ്റേഷനിലെ സൂപ്പര്‍വൈസര്‍ അകാരണമായി മര്‍ദ്ദിച്ചെന്നായിരുന്നു പരാതി.

എന്നാല്‍ സംഭവത്തില്‍ നിരപരാധിയാണെന്നും ഇന്ത്യയിലേക്ക് സ്വാഗതം എന്ന് പറഞ്ഞ് വിദേശപൗരനെ സ്വീകരിക്കുക മാത്രമേ ചെയ്തുള്ളൂ എന്ന് പ്രതിയായ അമാന്‍ യാദവ് വ്യക്തമാക്കി. തന്റെ ആതിഥ്യ മര്യാദ ഇഷ്ടമാകാത്ത ജര്‍മന്‍കാരന്‍ മുഖത്ത് തുപ്പിയെന്നും മര്‍ദ്ദിച്ചെന്നും അമാന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.എന്നാല്‍ അമാനെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹിമാചലിലെ കുളുവില്‍ ഒരാളെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ ജര്‍മന്‍കാരന്‍ പ്രതിയാണെന്ന് കണ്ടെത്തിയത്.

പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണ് എറിക് എന്നും പോലീസ് പറയുന്നു. തന്റെ കാര്യത്തില്‍ ഇടപെടുന്നെന്ന് തോന്നിയത് കൊണ്ടാണ് പ്രകോപിതനായി സ്റ്റേഷനിലെ സൂപ്പര്‍വൈസറെ തല്ലിയതെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. രാവിലെ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോടും എറിക് ക്ഷുഭിതനായിരുന്നു.