2014 ബ്രസീല്‍ ലോകകപ്പിലെ ഏറ്റവും വലിയ ദുരന്തം എന്താണ്, അത് അതിഥേയരായ ബ്രസീല്‍ സെമി ഫൈനലില്‍ 7-1ന് ജര്‍മ്മനിയോട് തോറ്റത് തന്നെയാണ്

മോസ്കോ: 2014 ബ്രസീല്‍ ലോകകപ്പിലെ ഏറ്റവും വലിയ ദുരന്തം എന്താണ്, അത് അതിഥേയരായ ബ്രസീല്‍ സെമി ഫൈനലില്‍ 7-1ന് ജര്‍മ്മനിയോട് തോറ്റത് തന്നെയാണ്. നാല് വര്‍ഷത്തനിപ്പുറം റഷ്യയില്‍ അട്ടിമറി നടന്നില്ലെങ്കില്‍ വീണ്ടുമൊരു ജര്‍മ്മനി- ബ്രസീല്‍ പോരിന് വഴിയൊരുങ്ങുകയാണ്. പ്രീക്വാര്‍ട്ടര്‍ മത്സരത്തിലാണ് ജര്‍മ്മനിയും ബ്രസീലും തമ്മില്‍ ഏറ്റുമുട്ടിയേക്കുക. 

പ്രീക്വാര്‍ട്ടര്‍ ഫിക്‌സ്ചര്‍ അനുസരിച്ച് ഗ്രൂപ് ഇ യിലെ ഒന്നാം സ്ഥാനക്കാരും, ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരും തമ്മിലാവും മത്സരം. നിലവില്‍ ഗ്രൂപ്പ് ഇ യില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്തും, ഗ്രൂപ്പ് എഫില്‍ ജര്‍മ്മനി രണ്ടാം സ്ഥാനത്തുമുണ്ട്. തങ്ങളുടെ അവസാന മത്സരത്തില്‍ ബ്രസീല്‍ സെര്‍ബിയയെ പരാജയപ്പെടുത്തിയാല്‍ അവര്‍ ഗ്രൂപ്പില്‍ ഒന്നാമതാകും. ഗ്രൂപ്പ് എഫില്‍ നിലവില്‍ മുന്‍പിലുള്ള മെക്‌സിക്കോ തങ്ങളുടെ ശേഷിക്കുന്ന മത്സരത്തില്‍ സമനിലയോ വിജയമോ നേടിയാല്‍ അവരാകും ഗ്രൂപ്പ് ചാമ്പ്യന്മാര്‍. 

ഇങ്ങനെ വരുമ്പോള്‍ ജര്‍മ്മനി നോക്കൗട്ടിലേക്ക് യോഗ്യത നേടിയാലും അത് രണ്ടാം സ്ഥാനക്കാരായിട്ടാകും. ഇത്തരത്തില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ ഫുട്‌ബോള്‍ ലോകം ആഗ്രഹിക്കുന്ന ഒരു പോരാട്ടത്തിന് റഷ്യന്‍ ലോകകപ്പ് വേദിയാകും. ഇതോടെ നാലുകൊല്ലം മുന്‍പ് സംഭവിച്ച മുറിവുണക്കാന്‍ ബ്രസീലിന് ഒരു അവസരം ലഭിക്കും.