1998 ല്‍ നേടിയ ലോകകപ്പിന്‍റെ പകിട്ടുമായെത്തിയ സാക്ഷാല്‍ സിദാനും സംഘവും 2002 ല്‍ നാണം കെട്ട് പുറത്താകുകയായിരുന്നു

മോസ്കോ: റഷ്യന്‍ ലോകകപ്പിന് പന്തുരുളുമ്പോള്‍ ലോകചാമ്പ്യന്‍മാരായ ജര്‍മനി തന്നെയായിരുന്നു ഫേഫറിറ്റുകള്‍. ജോക്വിം ലോയുടെ തന്ത്രങ്ങളും എണ്ണയിട്ട യന്ത്രം പോലെ കളിക്കുന്ന താരങ്ങലും ജര്‍മന്‍ പെരുമയ്ക്ക് അലങ്കാരമായിരുന്നു. ഒന്നാം റാങ്കിന്‍റെ തലയെടുപ്പോടെ റഷ്യയില്‍ പറന്നിറങ്ങുമ്പോള്‍ കാലം കാത്തുവച്ചത് ഇങ്ങനെയൊരു ദുരന്തമായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല.

കെട്ടിലും മട്ടിലും ജര്‍മനിയോടെ കിടപിടിക്കാന്‍ ശേഷിയുള്ളവര്‍ ചുരുക്കമാണ് ലോകഫുട്ബോളിലെന്നായിരുന്നു കടലാസിലെ കണക്കുകള്‍ വിളിച്ചുപറഞ്ഞിരുന്നത്. എന്നാല്‍ സമീപകാല ലോകകപ്പുകളിലെ ചരിത്രം ജര്‍മനിയെയും തേടിയെത്തി. ചാമ്പ്യന്മാര്‍ തലതാഴ്ത്തി കണ്ണീരോടെ മടങ്ങുകയെന്നതാണ് കഴി‍ഞ്ഞ രണ്ട് ലോകകപ്പുകളിലും ഇപ്പോള്‍ റഷ്യയിലും വിധി കുറിച്ചുവച്ചിരുന്നത്.

കഴിഞ്ഞ രണ്ട് ലോക ചാമ്പ്യന്മാരും സമാന വിധിയായിരുന്നെങ്കിലും ജര്‍മനി അങ്ങനെ നാണംകെട്ട് പുറത്തുപോകുമെന്ന് ആരും വിലയിരുത്തിയിരുന്നില്ല. ആദ്യ മത്സരത്തില്‍ മെക്സിക്കോയ്ക്ക് മുന്നില്‍ അടിതെറ്റിയ ജര്‍മനി പക്ഷെ രണ്ടാം മത്സരത്തില്‍ സ്വീഡനെതിരെ അവിശ്വസനീയമാം വിധം മടങ്ങിയെത്തിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും.

പക്ഷെ ദക്ഷിണ കൊറിയ എന്ന താരതമ്യേന ദുര്‍ബലരെന്ന് കരുതിയിരുന്ന എതിരാളികള്‍ക്ക് മുന്നില്‍ നിലംപൊത്തി വീണ് നാണം കെട്ട് അവര്‍ മടങ്ങുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുയാണ്. അവസാനം നടന്ന നാലു ലോകകപ്പുകളില്‍ മൂന്നിലും മുൻ ചാമ്പ്യന്മാർ നോക്കൗട്ട് കാണാതെ പുറത്തായെന്നതാണ് ചരിത്രം. 1998 ല്‍ നേടിയ ലോകകപ്പിന്‍റെ പകിട്ടുമായെത്തിയ സാക്ഷാല്‍ സിദാനും സംഘവും 2002 ല്‍ നാണം കെട്ട് പുറത്താകുകയായിരുന്നു. 2002 ലെ ചാമ്പ്യന്‍മാരായ ബ്രസീല്‍ 2006 ല്‍ നോക്കൗട്ട് കടമ്പ കടന്നെങ്കിലും 2006 ലെ ചാമ്പ്യന്‍മാരായ ഇറ്റാലിയന്‍ പട 2010ൽ ഒന്നാം റൗണ്ടില്‍ കണ്ണീരണിഞ്ഞു.

2010 ല്‍ കിരീടം നേടിയ സ്പെയിനായിരുന്നു 2014 ൽ കരഞ്ഞതെങ്കില്‍ ഇക്കുറി അത് ജര്‍മനിയ്ക്ക് കിട്ടിയെന്നുമാത്രം. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായെന്ന നാണക്കേട് മാത്രമല്ല ഇക്കുറി ജര്‍മനിയ്ക്ക് സ്വന്തമായത്. ലോകഫുട്ബോളിലെ ഏറ്റവും പ്രതാപശാലികളെന്ന പകിട്ടും നഷ്ടമായിരിക്കുന്നു. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ നടന്ന എല്ലാ ലോകകപ്പുകളിലും അവര്‍ അവസാന എട്ടിലെത്തിയിട്ടുണ്ട് എന്നതും മറക്കാന്‍ പാടില്ല.