അര്‍ജന്റീന ഇത്തരത്തില്‍ രണ്ട് തവണ പരാജയമറിഞ്ഞിട്ടുണ്ട്.

മോസ്‌കോ: ലോക ചാംപ്യന്മാരെന്ന വമ്പുമായെത്തിയിട്ട് ആദ്യ മത്സരത്തില്‍ തന്നെ തോല്‍ക്കുന്നത് ലോകകപ്പില്‍ ഇത് ആദ്യമായിട്ടില്ല. ഇന്നലെ മെക്സികോയുമായുള്ള മത്സരത്തില്‍ ജര്‍മനി തോറ്റിരുന്നു. അര്‍ജന്റീന ഇത്തരത്തില്‍ രണ്ട് തവണ പരാജയമറിഞ്ഞിട്ടുണ്ട്. ഇറ്റലിയാണ് ഇത്തരത്തില്‍ ആദ്യം നിലം പൊത്തിയത്. 1950ലെ ലോകകപ്പില്‍ അസൂറികളെ അരിഞ്ഞുവീഴ്ത്തിയത് സ്വീഡന്‍. ജയം ഒന്നിനെതിരെ മൂന്ന് ഗോളിന്.

1982ലെ സ്പാനിഷ് ലോകകപ്പില്‍ അടിതെറ്റിയത് മരിയോ കെംപെസിന്റെ അര്‍ജന്റീന. ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തിന്റെ ചുവന്ന ചെകുത്താന്മാര്‍ ചാംപ്യന്മാരുടെ കൊമ്പൂരി. ലോക ചാംപ്യന്മാരായി ഇറങ്ങിയ രണ്ടാം വട്ടവും മൂക്കുകുത്താനായിരുന്നു അര്‍ജന്റീനയുടെ ദുര്യോഗം. 1990ലെ ഉദ്ഘാടന മത്സരത്തില്‍ കാമറൂണിന്റെ ആഫ്രിക്കന്‍ വീര്യത്തിന് മുന്നില്‍ മറഡോണയും കൂട്ടരും മുട്ടുമുടക്കി.

2002ലെ ലോകകപ്പിലും കണ്ടത് ആഫ്രിക്കന്‍ വിസ്ഫോടനം. അജ്ഞാത ശക്തികളായിരുന്ന സെനഗലിന് മുന്‍പില്‍ സിദാന്റെ ഫ്രഞ്ച് പട തല താഴ്ത്തി. സ്പാനിഷ് അര്‍മഡയെ ഓറഞ്ച് ആര്‍മി പിടിച്ചുനിര്‍ത്തിയതായിരുന്നു 2014ലെ ലോകകപ്പിനെ ഞെട്ടിച്ചത്. ഹോളണ്ടിന് മുന്നില്‍ സ്പെയിന്‍ തകര്‍ന്നടിഞ്ഞത് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്. വാന്‍പേഴ്സിയുടെ പറക്കും ഹെഡറില്‍ ടിക്കി ടാക്കയുടെ ചരടഴിഞ്ഞു.