1938ന് ശേഷം ആദ്യമായി ജര്‍മനി ആദ്യ റൗണ്ടില്‍ പുറത്ത്

കസാന്‍: ഫുട്ബോളിന്‍റെ ചരിത്രത്താളുകളില്‍ ഇത് കസാനിലെ ദുരന്തമെന്ന് എഴുതപ്പെടും. കാരണം, ഇത്രയേറെ കാലങ്ങള്‍ ഒരേ നിലവാരത്തോടെ കളിച്ച ഒരു ടീം ലോകകപ്പില്‍ ഉണ്ടായിട്ടില്ല. താരസമ്പന്നമായി വന്നിട്ടും ഇത്തവണ ആദ്യ റൗണ്ടില്‍ പുറത്താകുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വലിയ തിരിച്ചടിയാണ് ജര്‍മനിക്ക് ലഭിക്കുന്നത്. 1938ന് ശേഷം ആദ്യമായാണ് ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ നാസിപ്പട പുറത്താകുന്നത്. 1978ല്‍ രണ്ടാമത്തെ ഗ്രൂപ്പ് റൗണ്ടിലും അവര്‍ പുറത്തായി. ഇതിന് ശേഷം ലോകകപ്പിലെ ജര്‍മന്‍ ദുരന്തം ആദ്യം.

ആദ്യ മത്സരത്തില്‍ മെക്സിക്കോയില്‍ നിന്ന് അടികിട്ടിയപ്പോള്‍ തന്നെ യോവാക്കിം ലോ പഠിക്കണമായിരുന്നു, ഇത് ചെറിയ കളിയല്ലെന്ന്. ടീമിന്‍റെ ദൗര്‍ബല്യങ്ങള്‍ എല്ലാം തുറന്നു കാട്ടുന്ന തോല്‍വി ഒറ്റപ്പെട്ടതായി മാത്രം ജര്‍മനി കണ്ടു. സ്വീഡനെതിരെ ലോക ചാമ്പ്യന്മാര്‍ക്ക് യോജിച്ച കളിയാണോ കെട്ടഴിച്ച് വിട്ടതെന്ന് പരിശോധിക്കാനും ടീം തയാറായില്ല. ഗോളടിക്കാന്‍ അറിയാവുന്ന ഒരു സ്ട്രെെക്കര്‍ ഇല്ലാതെ പോയതാണ് ഭാവനാ സമ്പന്നമായ ജര്‍മന്‍ മധ്യനിരയുടെ പോലും മുനയൊടിച്ച് കളഞ്ഞത്.

ക്ലോസെയും പൊഡാള്‍സ്കിയും ഒന്നും ടീമിലില്ലെന്നുള്ള തിരിച്ചറിവും ജര്‍മനിക്കുണ്ടായില്ല. വെര്‍ണര്‍ എന്ന ഒറ്റ താരത്തെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കം അമ്പേ പരാജയമാണെന്ന് മെക്സിക്കോ തെളിയിച്ചതാണ്. അതേ നീക്കം വീണ്ടും ആവര്‍ത്തിച്ച് വീണ്ടും ലോ തോല്‍വിയേറ്റ് വാങ്ങി. നാലു വട്ടം ചാമ്പ്യന്മാരായ ടീമാണ് ജര്‍മനി. കഴിഞ്ഞ നാലു ലോകകപ്പുകളും സെമിയിലെത്തിയ ടീം ഇങ്ങനെ തകരുമെന്ന് ആരും കരുതിയിരുന്നില്ല.

കൃത്യമായ ആസൂത്രണമായിരുന്ന ജര്‍മന്‍ ഫുട്ബോളിന്‍റെ മുഖമുദ്ര. കാലം മാറുമ്പോള്‍ താരങ്ങളെ കണ്ടെത്തി വളര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. ഇത് ഇപ്പോഴും തുടരുന്നുണ്ട്. പക്ഷേ, മറ്റു ടീമുകളും ഉയര്‍ച്ചയുടെ പാതയിലാണെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. 2014ലെ അതേ അവസ്ഥിയിലല്ല മറ്റു ടീമുകള്‍ റഷ്യയില്‍ എത്തിയിരിക്കുന്നതെന്ന ബോധ്യവുമുണ്ടായില്ല. ഈ തോല്‍വിയും പുറത്താകലും ജര്‍മനിക്കുള്ള ഉണര്‍ത്തു പാട്ടാണ്. ആരെയും വിലകുറച്ച് കാണരുതെന്നുള്ള പാഠം ന്യൂയറും സംഘവും ഇതില്‍നിന്ന് പഠിച്ച് കഴിഞ്ഞു.