തിളങ്ങാതെ ജര്‍മനി

കസാന്‍: നിര്‍ണായക കളിയില്‍ ലോക ചാമ്പ്യന്മാരുടെ പകിട്ട് പുറത്തെടുക്കുമെന്ന് കരുതിയിരുന്ന ജര്‍മനി ദക്ഷിണ കൊറിയക്ക് മുന്നില്‍ വെള്ളം കുടിക്കുന്നു. കസാനില്‍ കളിയുടെ ആദ്യ പകുതി അവസാനിച്ചപ്പോള്‍ നാസിപ്പടയും ഏഷ്യന്‍ ശക്തികളും ഗോള്‍രഹിത സമനിലയോടെ കരയ്ക്കു കയറി. പ്രതീക്ഷകള്‍ക്ക് വിപരീതമായി ജര്‍മനിയുടെ വമ്പിനെതിരെ സമര്‍ദമില്ലാതെയുള്ള കളിയാണ് ദക്ഷിണ കൊറിയ പുറത്തെടുത്തത്.

തങ്ങളുടെ സ്വതസിദ്ധമായ ഫോം കണ്ടെത്താനാകാത്തത് ജര്‍മനിയെ വലയ്ക്കുന്നുണ്ടെന്നുള്ളത് വ്യക്തം. ആദ്യ പത്ത് മിനിറ്റ് പിന്നിട്ടപ്പോള്‍ ദക്ഷിണ കൊറിയന്‍ ഗോള്‍കീപ്പര്‍ ജോ ഹ്യൂന്‍ വൂവിനെ പരീക്ഷിക്കുന്ന നീക്കങ്ങളൊന്നും നടത്താന്‍ നിലവിലെ ലോക ചാമ്പ്യന്മാര്‍ക്ക് സാധിച്ചില്ല. 18-ാം മിനിറ്റല്‍ ജര്‍മനിയെ ഏഷ്യന്‍ പട ഒന്ന് പേടിപ്പിച്ചു. സാമി ഖദീര വഴങ്ങിയ ഫ്രീകിക്കില്‍ ജംഗ് വൂ യംഗ് ഷോട്ട് തൊടുത്തു. മാനുവല്‍ ന്യൂയര്‍ തടുത്തെങ്കിലും പന്ത് കെെയില്‍ നിന്ന് വഴുതി.

അവസരം മുതലാക്കാന്‍ സണ്‍ ഹ്യൂംഗ് മിന്‍ ഓടിയെത്തിയെങ്കിലും നാസിപ്പടയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ അപകടം തട്ടിത്തെറിപ്പിച്ചു. 23-ാം മിനിറ്റില്‍ ജര്‍മനി ബോക്സില്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാന്‍ വീണ്ടും കൊറിയക്ക് സാധിച്ചു. പക്ഷേ, ഇത്തവണ ഷോട്ട് ഏറെ വ്യത്യസത്തില്‍ ഗോള്‍ പോസ്റ്റിന് മുകളിലൂടെ പറന്നു. 27-ാം മിനിറ്റിലാണ് ആദ്യമായി ജര്‍മനിക്ക് ഭേദപ്പെട്ട ആക്രമണം മെനഞ്ഞെടുക്കാന്‍ സാധിച്ചത്.

പക്ഷേ, ബോക്സിനുള്ളില്‍ വെര്‍ണര്‍ കൊടുത്ത ക്രോസ് യുന്‍ യംഗ് സണ്‍ ഹെഡ് ചെയ്ത് അകറ്റി. 32-ാം മിനിറ്റില്‍ റ്യൂസിന്‍റെ ഷോട്ടും യംഗ് സണ്‍ തന്നെ തടുത്തിട്ടു. അപകടം മനസിലാക്കി ആദ്യപകുതിയുടെ അവസാന നിമിഷത്തിലേക്ക് കളി അടുത്തപ്പോള്‍ ജര്‍മനി ഒരു ഗോളിനായുള്ള ചില മിന്നല്‍ ശ്രമങ്ങള്‍ നടത്തി.

പക്ഷേ, ഹമ്മല്‍സിന്‍റെയും വെര്‍ണറയുടെയും ശ്രമങ്ങള്‍, കൊറിയന്‍ പ്രതിരോധത്തിന്‍റെ മികവിനാല്‍ ലക്ഷ്യത്തിലെത്താതെ പോയി. കളിയുടെ തുടക്കത്തിലുണ്ടായ പ്രശ്നങ്ങളില്‍ നിന്ന് മെച്ചപ്പെട്ട് ബോള്‍ പൊസിഷനില്‍ അടക്കം ആധിപത്യം സ്ഥാപിക്കാന്‍ ജര്‍മനിക്ക് സാധിച്ചിട്ടുണ്ട്. രണ്ടാം പകുതിയില്‍ ലോയുടെ തന്ത്രങ്ങള്‍ ഇതോടെ നിര്‍ണായകമാകും.