ലോക ചാമ്പ്യന്മാര്‍ ആദ്യ റൗണ്ടില്‍ പുറത്ത് ദക്ഷിണ കൊറിയയോട് തോറ്റു

കസാന്‍: കൊറിയന്‍ ഗോള്‍കീപ്പര്‍ ജോ ഹ്യൂന്‍ വൂവിന് മുന്നില്‍ ലോക ദുരന്തമായി അടിപതറിയ വിഖ്യാത ജര്‍മന്‍ പട ലോകകപ്പില്‍ നിന്ന് പുറത്ത്. ദക്ഷിണ കൊറിയയുടെ വമ്പിന് മുന്നില്‍ കളി മറന്ന ലോക ചാമ്പ്യന്മാര്‍ എതിരില്ലാത്ത രണ്ടു ഗോളിന്‍റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. നിര്‍ണായക കളിയില്‍ ലോക ചാമ്പ്യന്മാരുടെ പകിട്ട് പുറത്തെടുക്കുമെന്ന് കരുതിയിരുന്ന ജര്‍മനി ദക്ഷിണ കൊറിയക്ക് മുന്നില്‍ ശരിക്കും വെള്ളം കുടിച്ചു. പ്രതീക്ഷകള്‍ക്ക് വിപരീതമായി ജര്‍മനിയുടെ വമ്പിനെതിരെ സമര്‍ദമില്ലാതെയുള്ള കളിയാണ് ദക്ഷിണ കൊറിയ പുറത്തെടുത്തത്. തങ്ങളുടെ സ്വതസിദ്ധമായ ഫോം കണ്ടെത്താനാകാത്തത് ജര്‍മനിയെ വലച്ചതോടെ എല്ലാ അര്‍ഥത്തിലും ജര്‍മനി തകര്‍ന്നു. 

അദ്യം സമനിലപ്പൂട്ട്

ആദ്യ പത്ത് മിനിറ്റ് പിന്നിട്ടപ്പോള്‍ ദക്ഷിണ കൊറിയന്‍ ഗോള്‍കീപ്പര്‍ ജോ ഹ്യൂന്‍ വൂവിനെ പരീക്ഷിക്കുന്ന നീക്കങ്ങളൊന്നും നടത്താന്‍ നിലവിലെ ലോക ചാമ്പ്യന്മാര്‍ക്ക് സാധിച്ചില്ല. 18-ാം മിനിറ്റല്‍ ജര്‍മനിയെ ഏഷ്യന്‍ പട ഒന്ന് പേടിപ്പിച്ചു. സാമി ഖദീര വഴങ്ങിയ ഫ്രീകിക്കില്‍ ജംഗ് വൂ യംഗ് ഷോട്ട് തൊടുത്തു. മാനുവല്‍ ന്യൂയര്‍ ഷോട്ട് തടുത്തെങ്കിലും പന്ത് കെെയില്‍ നിന്ന് വഴുതി.

അവസരം മുതലാക്കാന്‍ സണ്‍ ഹ്യൂംഗ് മിന്‍ ഓടിയെത്തിയെങ്കിലും നാസിപ്പടയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ അപകടം തട്ടിത്തെറിപ്പിച്ചു. 23-ാം മിനിറ്റില്‍ ജര്‍മനി ബോക്സില്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാന്‍ വീണ്ടും കൊറിയക്ക് സാധിച്ചു. പക്ഷേ, ഇത്തവണ ഷോട്ട് ഏറെ വ്യത്യസത്തില്‍ ഗോള്‍ പോസ്റ്റിന് മുകളിലൂടെ പറന്നു. 27-ാം മിനിറ്റിലാണ് ആദ്യമായി ജര്‍മനിക്ക് ഭേദപ്പെട്ട ആക്രമണം മെനഞ്ഞെടുക്കാന്‍ സാധിച്ചത്.

പക്ഷേ, ബോക്സിനുള്ളില്‍ വെര്‍ണര്‍ കൊടുത്ത ക്രോസ് യുന്‍ യംഗ് സണ്‍ ഹെഡ് ചെയ്ത് അകറ്റി. 32-ാം മിനിറ്റില്‍ റ്യൂസിന്‍റെ ഷോട്ടും യംഗ് സണ്‍ തന്നെ തടുത്തിട്ടു. അപകടം മനസിലാക്കി ആദ്യപകുതിയുടെ അവസാന നിമിഷത്തിലേക്ക് കളി അടുത്തപ്പോള്‍ ജര്‍മനി ഒരു ഗോളിനായുള്ള ചില മിന്നല്‍ ശ്രമങ്ങള്‍ നടത്തി. പക്ഷേ, ഹമ്മല്‍സിന്‍റെയും വെര്‍ണറയുടെയും ശ്രമങ്ങളെ കൊറിയന്‍ പ്രതിരോധത്തിന്‍റെ മികവിനാല്‍ ലക്ഷ്യത്തിലെത്താതെ പോയി. കളിയുടെ തുടക്കത്തിലുണ്ടായ പ്രശ്നങ്ങളില്‍ നിന്ന് മെച്ചപ്പെട്ട് ബോള്‍ പൊസിഷനില്‍ അടക്കം ആധിപത്യം സ്ഥാപിക്കാന്‍ ജര്‍മനിക്ക് ആദ്യ പകുതിയില്‍ സാധിച്ചു.

ബര്‍ലിന്‍ മതില്‍ പൊളിച്ചു 

കാര്യങ്ങള്‍ പന്തിയല്ലെന്ന് മനസിലായതിനാല്‍ രണ്ടാം പകുതിയില്‍ വ്യക്തമായ പദ്ധതിയോടെയാണ് ജര്‍മന്‍ പട ഇറങ്ങിയത്. 47-ാം മിനിറ്റില്‍ ക്രൂസിന്‍റെ ക്രോസില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഗോര്‍ട്ട്സെക്കെ ഹെഡ് ചെയ്തെങ്കിലും കൊറിയന്‍ ഗോള്‍കീപ്പര്‍ ജോ ഹ്യൂന്‍ വൂവിന്‍റെ പറക്കും സേവ് ഏഷ്യന്‍ ടീമിന്‍റെ രക്ഷയ്ക്കെത്തി. 50-ാം മിനിറ്റില്‍ ഇതുവരെ ലഭിച്ചതിലെ ഏറ്റവും മികച്ച സുവര്‍ണാവസരം ലോക ചാമ്പ്യന്മാര്‍ക്ക് ലഭിച്ചു.

കിമ്മിച്ചിന്‍റെ അളന്നു മുറിച്ചുള്ള പാസ് വെര്‍ണര്‍ പുറത്തേക്ക് അടിച്ച് കളഞ്ഞതെങ്ങനെയെന്ന് കൊറിയക്കാര്‍ പോലും ഒന്ന് സംശയിച്ചു. മറുപുറത്ത് ഏഷ്യന്‍ ശക്തികളും ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവുകള്‍ ന്യൂയറുടെ ജോലി ഭാരം കുറച്ചു. സമയം മുന്നോട്ട് പോകുന്നതോടെ ജര്‍മനി ആക്രമണം മാത്രമാക്കി. ഇതോടെ കൗണ്ടര്‍ അറ്റാക്കുകള്‍ തിരിച്ച് ശക്തമായി പ്രവഹിച്ചു.

ഒരുപാട് അവസരങ്ങളാണ് മധ്യനിര വിഭാവനം ചെയ്ത് ജര്‍മന്‍ മുന്നേറ്റ നിരയ്ക്ക് നല്‍കിയത്. പക്ഷേ, ഒന്നില്‍ പോലും ഗോള്‍ സ്വന്തമാക്കാന്‍ മുന്നേറ്റ നിരയ്ക്ക് സാധിച്ചില്ല. ലോ അവസാന ആയുധമായി തോമസ് മുള്ളറെയും രംഗത്തിറക്കി. എങ്കിലും ജര്‍മന്‍ മുന്നേറ്റങ്ങളുടെ കരുത്ത് ഇതിനൊന്നും വര്‍ധിപ്പിക്കാന്‍ സാധിച്ചില്ല. ജോ ഹ്യൂന്‍ വൂ എന്ന കൊറിയന്‍ കാവല്‍ക്കാരന്‍ അസാമാന്യ പ്രകടനത്തിന്‍റെ മുന്നില്‍ ജര്‍മന്‍ മിസെെലുകള്‍ തകര്‍ന്നു.

82-ാം മിനിറ്റില്‍ റ്യൂസിന്‍റെ കാലില്‍ നിന്ന് പാഞ്ഞ വെടിയുണ്ടയ്ക്കും ലക്ഷ്യം ഭേദിക്കാനുള്ള കരുത്തുണ്ടായില്ല. 87-ാം മിനിറ്റില്‍ ഓസില്‍ നല്‍കിയ ക്രോസിലെ ഹമ്മല്‍സിന്‍റെ ശ്രമവും ലോക ചാമ്പ്യന്മാരുടെ രക്ഷയ്ക്കെത്തിയില്ല. കളിയുടെ ഇഞ്ചുറി ടെെമിലാണ് ലോക ചാമ്പ്യന്മാരുടെ യഥാര്‍ഥ പതനം ആരംഭിച്ചത്. സണ്‍ എടുത്ത കോര്‍ണറില്‍ ജര്‍മന്‍ പ്രതിരോധം ഇളകിയപ്പോള്‍ കിം യംഗ് വോണ്‍ ന്യൂയറെ കീഴടക്കി പന്ത് വലയിലെത്തിച്ചു.

ഇതോടെ മാനുവല്‍ ന്യൂയറും എതിര്‍ പാളയത്തിലേക്ക് ഗോള്‍ സ്വന്തമാക്കാനായി കുതിച്ചു. ഇത് നാസിപ്പടയ്ക്ക് അടുത്ത അടി നല്‍കി. ജര്‍മനിക്ക് നഷ്ടപ്പെട്ട പന്ത് നീട്ടികിട്ടിയതുമായി കുതിച്ച ജൂ സെ ജോംഗ് ഗോളിയില്ലാത്ത പോസ്റ്റില്‍ നിറയൊഴിച്ചു. ഇതോടെ തീര്‍ന്നു... ബ്രസീലിന് ശേഷം ലോകകപ്പ് നിലനിര്‍ത്തുമെന്ന് വെല്ലുവിളിയുമായി വന്ന ജര്‍മന്‍ പട്ടാളത്തിന്‍റെ ശൗര്യം... ഇനി തകര്‍ന്ന ബര്‍ലിന്‍ മതിലുമായി ലോക ചാമ്പ്യന്മാര്‍ നാട്ടിലേക്ക്...