സ്വീഡന്‍ ഒന്നാം സ്ഥാനത്തും മെക്സിക്കോ രണ്ടാം സ്ഥാനത്തുമാണ്
റോസ്റ്റൗ: 1998 ലോകകപ്പ് നേടിയതിന്റെ ആവേശത്തിലാണ് സിദാനും സംഘവും 2002 ല് വിശ്വ വിജയം കുറിക്കാനായെത്തിയത്. എന്നാല് വമ്പന് തിരിച്ചടിയായിരുന്നു കാലം കരുതിവെച്ചത്. ആദ്യ മത്സരത്തില് സെനഗലിന് മുന്നില് അടിതെറ്റിയ സിദാനും കൂട്ടരും ആദ്യ റൗണ്ടില് തന്നെ പുറത്തായി. ഇക്കുറിയും സമാനമാണ് സാഹചര്യം.
ബ്രസീല് ലോകകപ്പില് മുത്തമിട്ടതിന്റെ ഹുങ്കുമായെത്തിയ ജര്മനി രണ്ടാം റൗണ്ട് കാണാതെ പുറത്തുപോകുമൊയെന്നാണ് അറിയാനുള്ളത്. ഈ ലോകകപ്പിലെ ഫേഫറിറ്റുകളായെത്തിയ ജര്മന് പോരാളികള് പക്ഷെ മെക്സിക്കന് തിരമാലകളുടെ ശക്തിക്കുമുന്നില് അടിതെറ്റി നിലം പതിച്ചു. ഇപ്പോഴിതാ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില് സ്വീഡന് ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയതോടെ ചാമ്പ്യന്മാരുടെ അവസ്ഥ ദയനീയമായി.
നിലവില് സ്വീഡന് ഒന്നാം സ്ഥാനത്തും മെക്സിക്കോ രണ്ടാം സ്ഥാനത്തുമാണ്. ജര്മ്മനിയാകട്ടെ മൂന്നാം സ്ഥാനത്താണ്. ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിക്കാനായില്ലെങ്കില് ജര്മന് പടയ്ക്ക് നാട്ടിലേക്കുള്ള വണ്ടി പിടിക്കാം. യുവത്വത്തിന്റെ പ്രസരിപ്പില് തകര്പ്പന് ഫോമില് കളിക്കുന്ന സ്വീഡനെ മറികടക്കുക ജോക്വിം ലോയുടെ സംഘത്തിന് വെല്ലുവിളിയാകും. മത്സരം സമനിലയിലായാല് കിരീടം നിലനിര്ത്താമെന്ന പ്രതീക്ഷകള് അവിടെ അവസാനിക്കും.
മെക്സിക്കോയെ സംബന്ധിച്ചടുത്തോളം രണ്ടാം റൗണ്ട് ഏറക്കുറെ ഉറപ്പിച്ച മട്ടാണ്. സ്വീഡന് വെല്ലുവിളി ഉയര്ത്തുമെങ്കിലും ദക്ഷിണ കൊറിയയെ അനായാസം മറികടക്കാം. സ്വീഡനെ സംബന്ധിച്ചടുത്തോളം ഇത് മികച്ച അവസരമാണ്. ജര്മനിയെ സമനിലയിലെങ്കിലും തളച്ചാല് രണ്ടാം റൗണ്ട് സ്വപ്നം കാണാം. ഏഷ്യന് ശക്തികളായ ദക്ഷിണ കൊറിയയാകട്ടെ മികച്ച പോരാട്ടം നടത്താമെന്ന പ്രതീക്ഷയിലാണ്.
