ഗാസിയാബാദ്: ജീവിതപ്രശ്നങ്ങള്‍ക്കുള്ള പരിഹാരം മന്ത്രവാദം കൊണ്ട് നിര്‍ദ്ദേശിക്കുന്ന നിരവധി പരസ്യങ്ങള്‍ നാം വായിക്കാറുണ്ട്. അത്തരം തട്ടിപ്പുകളില്‍ മലയാളികള്‍ പെടാറുമുണ്ട്. എന്നാല്‍ ഗാസിയബാദ് പൊലീസ് പിടികൂടിയത് ലൈംഗികശേഷിക്കുറവ്, തൊഴിലില്ലായ്മ, പ്രേതശല്യം എന്നിവയ്ക്ക് മന്ത്രവാദം വഴി പരിഹാരം ഉപദേശിച്ച് കാശു തട്ടുന്ന എട്ടംഗ സംഘത്തെയാണ്.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പത്രങ്ങളില്‍ ഇവര്‍ വ്യാപകമായി പരസ്യം ചെയ്തിരുന്നു. ക്രിക്കറ്റ് വാതുവെയ്പ്പില്‍ ജയം, പ്രണയസാഫല്യം എന്നിവ വാഗ്ദാനം ചെയ്ത് തട്ടിപ്പ് തുടരുന്നതിനിടെയാണ് സംഘം പിടിയിലായത്. പത്രപരസ്യം കണ്ട് കാള്‍ സെറ്ററിലേക്ക് വിളിക്കുന്ന വ്യക്തിയോട് പ്രാഥമിക പൂജകള്‍ നടത്താന്‍ 5000 മുതല്‍ 7000 രൂപ വരെ നിക്ഷേപിക്കാന്‍ ഇവര്‍ ആദ്യം ആവശ്യപ്പെടുന്നു. പ്രശ്നപരിഹാരത്തിനായി ഒരു ലക്ഷം രൂപ വരെ സംഘം വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു.
മുഖ്യപ്രതികളായ ഇര്‍ഷാദ്, ദില്‍ഷാദ് എന്നിവരുടെ മൂന്ന് നില വീട്ടില്‍ നിന്നാണ് കാള്‍ സെന്‍റര്‍ പ്രവര്‍ത്തിച്ചിരുന്നത്. പശ്ചിമബംഗാള്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും കോളുകള്‍ വന്നിരുന്നത് എന്ന് പൊലീസ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
മാസം 20 ലക്ഷം രൂപ വരെ തട്ടിപ്പിലൂടെ നേടിയിരുന്ന ഇവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ 15 ബാങ്ക് അകൗണ്ടുകള്‍ വിവിധ പേരുകളില്‍ തുറന്നു. ഈ അകൗണ്ടുകളിലേക്കാണ് തട്ടിപ്പിനിരയായവര്‍ പണം നിക്ഷേപിച്ചിരുന്നത്.
സംഘത്തില്‍ നിന്ന് 20 മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു. വാട്ടസ്പ്പ് വഴി 'പ്രശ്നപരിഹാരം' നടത്തിയിരുന്ന സംഘം മെയ് മാസത്തില്‍ മാത്രം 15 ലക്ഷം രൂപ പരസ്യങ്ങള്‍ക്കായി മാത്രം ഉപയോഗിച്ചു. സംഘത്തിലെ ആരും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ല.
