യന്ത്ര ഊഞ്ഞാല്‍ തകര്‍ന്ന് വീണ് 10 വയസ്സുകാരി മരിച്ചു ആറ് പേര്‍ ഗുരുതരാവസ്ഥയില്‍

ഹൈദരബാദ്: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്ന് വീണ് ആന്ധ്രാപ്രദേശില്‍ 10 വയസ്സുകാരി മരിച്ചു. ആനന്ദപൂര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തില്‍ മൂന്ന് കുട്ടികളടക്കം ആറ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അമൃത എന്ന കുട്ടിയാണ് മരിച്ചത്. അവധിക്കാല ആഘോഷത്തിന്‍റെ ഭാഗമായി ആനന്ദപൂരിലെ ജൂനിയര്‍ കോളേജ് ഗൗണ്ടില്‍ നടത്തിയ എക്സിബിഷനിലാണ് അപകടമുണ്ടായത്. അവധി ദിവസമായതിനാല്‍ എക്സിബിഷന് നല്ല തിരക്കായിരുന്നു. 

ബോള്‍ട്ട് ഊരി വീണതിനെ തുടര്‍ന്ന് ട്രോളി കാറുകളിലൊന്ന് തകര്‍ന്ന് താഴെ വീഴുകയായിരുന്നു. ഇതില്‍ കുട്ടികളുമുണ്ടായിരുന്നു. ഉയരത്തില്‍നിന്ന് വീണത് വന്‍ അപകടത്തിന് കാരണമായി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടികള്‍ ആനന്ദപൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ലിഫ്റ്റ് ഓപ്പറേറ്റര്‍ മദ്യപിച്ചിരുന്നുവെന്നും ബോള്‍ട്ട് ലൂസ് ആ.ത് അറിയിച്ചിട്ടും അയാള്‍ ഒന്നും ചെയ്തില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഒപ്പറേറ്ററെ ആളുകള്‍ ആക്രമിച്ചു. പിന്നീട് ഇയാളെ പൊലീസിന് കൈമാറി. അപകടത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

photo courtesy: NDTV