പെണ്‍കുട്ടിക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം
കോഴിക്കോട്: റോഡിന് ഭൂമി നല്കാത്ത പേരില് പെണ്കുട്ടിക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം. വീടിന്റെ ചുറ്റുമതില് ഇടിച്ചു നിരത്തുന്ന ദൃശ്യങ്ങള് പെണ്കുട്ടി സോഷ്യല് മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെ അക്രമിസംഘത്തിനായി പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് കാരപ്പറമ്പിലാണ് സംഭവം. കാരപ്പറമ്പ് ചാന്തിരത്തിവയല് രാഘവന്റെ രണ്ടേകാല് സെന്റ് ഭൂമിയിലെ വീടിനു മുന്നില് കെട്ടിയ മതിലാണ് ഹെല്മറ്റ് ധരിച്ചെത്തിയ അക്രമിസംഘം അര്ദ്ധരാത്രി ഇടിച്ചു നിരത്തിയത്.
രാഘവന്റെ ഭാര്യ നിഷയും മകള് അര്ച്ചനയുമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. വീടിനു മുന്നിലെ നടവഴി റോഡാക്കാനായി രണ്ടടി വീതിയില് ഭൂമി നല്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതാവ് വിജയന്റെ നേതൃത്വത്തില് ചിലര് ഇവരെ സമീപിച്ചിരുന്നു. നഷ്ടപരിഹാരത്തുകയുടെ കാര്യത്തില് തര്ക്കമുണ്ടായതോടെ രണ്ടു വട്ടം ചുറ്റുമതില് പൊളിച്ചു. തുടര്ന്നാണ് സിസിടിവി ക്യാമറ സ്ഥാപിച്ചത്.
മതില് പൊളിക്കുന്ന ദൃശ്യങ്ങള് അര്ച്ചന സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്തതോടെ വലിയ പ്രതിഷേധമാണുയര്ന്നത്. ഭൂമി വിട്ടുകൊടുക്കാത്ത പേരില് പരിസരവാസിയായ എബ്രഹാമിന്റെ വീടിന്റെ ചുറ്റുമതിലും ഇതേ സംഘം തകര്ത്തിരുന്നു. അതിക്രമിച്ചു കടന്നതിനും നിയമവിരുദ്ധമായി സംഘം ചേര്ന്നതിനും കണ്ടാലറിയാവുന്ന പത്തു പേര്ക്കെതിരെ ചേവായൂര് പൊലീസ് കേസെടുത്തു. പ്രതികളെല്ലാം ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില് മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. അഡ്വക്കറ്റ് എം എസ് താരയുടെ നിർദേശാനുസരണമാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി.
