ഫരീദാബാദ്: തൊഴിലുടമയുടെ പീഡനം സഹിക്കാനാവാതെ 13 കാരി 11 ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 10 ാം നിലയിലുണ്ടായിരുന്ന വലയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടു. ഫരീദാബാദിലെ കനിഷ്‌കാ ടവേഴ്‌സിലാണ് സംഭവം. വീട്ടുജോലിക്കാരിയായ ബീഹാര്‍ സ്വദേശിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

രണ്ടുവര്‍ഷമായി തുടരുന്ന പീഡനിത്തില്‍ നിന്നും അടിമവേലയില്‍ നിന്നും രക്ഷപ്പെടാനാണ് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയെ വീട്ടുജോലിക്കാരിയാക്കിയ 23 കാരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് എസ് എച്ച് ഒ ബല്‍ബീര്‍ സിംഗ് പറഞ്ഞു. 

 പത്താംനിലയിലെ വലയില്‍ കുടുങ്ങിയ പെണ്‍കുട്ടിയ സമീപത്തെ ഫ്ലാറ്റുകളിലെ താമസക്കാരാണ് രക്ഷപ്പെടുത്തിയത്. അതേസമയം പെണ്‍കുട്ടിയുടെ ശരീരത്തില്‍ പൊള്ളലിന്‍റെയും മുറിവിന്‍റെയും പാടുകള്‍ കണ്ടതായി രക്ഷപ്പെടുത്തിയവര്‍ പറഞ്ഞു. ഇടയ്ക്ക് പതിനൊന്നാം നിലയില്‍ നിന്ന് നിലവിളി കേള്‍ക്കാറുണ്ടെന്നും പെണ്‍കുട്ടിയെ പുറത്തിറങ്ങാന്‍ അനുവദിക്കാറില്ലെന്നും ഇവര്‍ പറഞ്ഞു.

പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കിയതായും തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്ററിലേക്ക് അയച്ചതായും അധികൃതര്‍ അറിയിച്ചു.