ഇരുവരുടെയും ബന്ധം ലൗ ജിഹാദല്ലെന്ന് ഉറപ്പ് വരുത്താനാണ് മാതാപിതാക്കളെ കാണുന്നതെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ ഇതിനിടെ വാനിനകത്ത് വച്ച് പെണ്‍കുട്ടിയെ പൊലീസുകാർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പുരുഷ പൊലീസുകാര്‍ അസഭ്യം വിളിക്കുകയും വനിതാ പൊലീസുകാര്‍ മുഖത്തേക്ക് ആവര്‍ത്തിച്ച് അടിക്കുകയും ചെയ്തു 

മീററ്റ്: മുസ്ലീം യുവാവ് കാമുകനായെന്ന കാരണത്താല്‍ പെണ്‍കുട്ടിക്ക് വിഎച്ച്പി പ്രവര്‍ത്തകരുടെയും പൊലീസിന്റെയും വക പരസ്യവിചാരണ. പെണ്‍കുട്ടിയെ പൊലീസുകാര്‍ പൊലീസ് വാനില്‍ വച്ച് കയ്യേറ്റം ചെയ്യുന്ന ഒരു വീഡിയോ വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. 

ജഗ്രിതി വിഹാറിലുള്ള ഒരു വീട്ടില്‍ വച്ച് പെണ്‍കുട്ടിയെയും കാമുകനെയും വിഎച്ച്പി പ്രവര്‍ത്തകര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെയും മാധ്യമപ്രവര്‍ത്തകരെയും വിളിച്ചറിയിക്കുകയും എല്ലാവര്‍ക്കും മുമ്പില്‍ വച്ച് പരസ്യമായി അപമാനിക്കുകയും ചെയ്തു. ഇരുവരുടെയും ബന്ധം ലൗ ജിഹാദാണെന്നും ഇവര്‍ ആരോപിച്ചു. 

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ എന്ത് കുറ്റമാണ് ചാര്‍ത്തിയിരിക്കുന്നതെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വന്ന ശേഷം മാത്രമേ ഇവരെ വിട്ടയയ്ക്കാന്‍ കഴിയൂവെന്നാണ് പൊലീസ് അറിയിച്ചത്. ഇരുവരുടെയും ബന്ധം ലൗ ജിഹാദല്ലെന്ന് ഉറപ്പ് വരുത്താനാണിത് എന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ ഇതിനിടെ പൊലീസ് വാനിനകത്ത് വച്ച് പെണ്‍കുട്ടിയെ പൊലീസുകാര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. 

വാനിലുണ്ടായിരുന്ന പുരുഷ പൊലീസുകാര്‍ പെണ്‍കുട്ടിയെ അസഭ്യം വിളിക്കുകയും വനിതാ പൊലീസുകാര്‍ മുഖത്തേക്ക് ആവര്‍ത്തിച്ച് അടിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. സംഭവം വിവാദമായതോടെ വനിതാ പൊലീസടക്കം നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. യോഗി ആദിത്‌നാഥ് സര്‍ക്കാരിന്റെ പൊലീസ് വിഎച്ച്പി പ്രവര്‍ത്തകരെ പോലെ തന്നെയാണ് പെരുമാറുന്നതെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമുണ്ട്.