പത്തനംതിട്ട കടമ്മനിട്ടയില്‍ പെട്രോള്‍ ഒഴിച്ച് പെണ്‍കുട്ടിയെ കത്തിച്ചത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണെന്ന് സൂചന. പ്രതി സജിലിനായി പൊലീസ് അന്വേഷണം വ്യാപകമാക്കി. പെണ്‍കുട്ടിയെ വിട്ടില്‍ നിന്നും വിളിച്ചിറക്കിയ ശേഷം പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പെട്രോള്‍കുപ്പിയും പ്രതി കൊണ്ടുവന്നതായി കരുതപ്പെടുന്ന കത്തിയും സംഭവസ്ഥലത്ത് നിന്നും പൊലീസിന് ലഭിച്ചു.
ബന്ധുവീട്ടിലായിരുന്ന പെണ്‍കുട്ടിയെ സജില്‍ വിളിച്ചിറക്കിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു എന്ന പൊലിസ് പറയുന്നു. സംഭവത്തില്‍ സജിലിനും പൊള്ളലേറ്റിടുണ്ട്. അശുപത്രികള്‍ കേന്ദ്രികരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഗുരതരമായ പരിക്ക് പറ്റിയ പെണ്‍കുട്ടിയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വളരെ സങ്കീര്‍ണ്ണമായ ആരോഗ്യ അവസ്ഥയിലാണെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. 40 ശതമാനത്തിലധികം പൊള്ളലേല്‍ക്കുന്നത് ഗുരുതരമായ അവസ്ഥയാണ്. ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇതിനിടെ ഇന്ന് രാവിലെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പ്രണയം നിരസിച്ചതിനാണ് ആക്രമണം നടത്തിയതെന്നാണ് പെണ്‍കുട്ടി പറഞ്ഞതെന്നാണ് വിവരം. സംഭവത്തിന് പിന്നില്‍ ഒരാള്‍ മാത്രമാണുള്ളതെന്ന് പൊലീസും അറിയിച്ചു.
