ഹരിയാന: സ്കൂൾ കാലം മുതൽ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ വിവാഹം കഴിക്കാൻ ലിം​ഗമാറ്റ ശസ്ത്രക്രിയയിലൂടെ പെൺകുട്ടി ആണായി മാറി. എന്നാൽ വിവാഹത്തിന് ശേഷം ഭർത്താവിനെ വേണ്ടെന്ന നിലപാടിലാണ് യുവതി. ഭാര്യയെ മാതാപിതാക്കൾ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഭർത്താവിനൊപ്പം പോകാൻ യുവതി വിസമ്മതിച്ചതായി പൊലീസ് അറിയിച്ചു.

സ്വവർ​ഗവിവാഹത്തെ വീട്ടുകാർ അം​ഗീകരിക്കില്ലെന്ന തിരിച്ചറിവിനെ തുടർന്നാണ് പെൺകുട്ടികളിലൊരാൾ ആണായി മാറിയത്. ഇതേ തുടർന്ന് ലിം​ഗമാറ്റ ശസ്ത്രക്രിയയിലൂടെ ഒരാൾ ആൺകുട്ടിയായി മാറി. പത്ത് ലക്ഷം രൂപ കടം വാങ്ങിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആണായി മാറിയ പെൺകുട്ടി പറയുന്നു. ദില്ലിയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. 

വീട്ടുകാരെ തങ്ങളുടെ ബന്ധത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കാൻ പുറപ്പെട്ട പെൺകുട്ടിയെ വീട്ടുകാർ തടങ്കലിലാക്കുകയായിരുന്നു. ഭർത്താവിനെ കാണാൻ പോലും വീട്ടുകാർ സമ്മതിച്ചില്ല. അതിന് ശേഷമാണ് ഭാര്യയെ വിട്ടുകിട്ടാൻ ഭർത്താവ് പൊലീസിനെ സമീപിച്ചത്. എന്നാൽ കൗൺസിലിം​ഗിനെത്തിയ പെൺകുട്ടി ഭർത്താവിനൊപ്പം പോകാൻ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. ഒന്നിച്ചു ജീവിക്കാൻ നിയമത്തെ ആശ്രയിക്കുമെന്നാണ് യുവാവ് പറയുന്നത്.