മലപ്പുറം: മഞ്ചേരിയിലെ നിര്‍ഭയ കേന്ദ്രത്തില്‍ പതിനഞ്ചുകാരിയായ ഇതര സംസ്ഥാന വിദ്യാര്‍ത്ഥിനിയെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. മലപ്പുറം പുളിക്കലില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിനിയാണ് മഞ്ചേരി നിര്‍ഭയ കേന്ദ്രത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിദ്യാഭ്യാസവും ചികിത്സയും നിഷേധിച്ചതായും നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വീട്ടിലെ പ്രശ്‌നത്തെതുടര്‍ന്ന് അധ്യാപകരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഇടപെട്ടാണ് കുട്ടിയെ നിര്‍ഭയ കേന്ദ്രത്തിലെത്തിച്ചത്. എന്നാല്‍ കേന്ദ്രത്തിലെ രണ്ട് ജീവനക്കാരികള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പെണ്‍കുട്ടി പറഞ്ഞു. 22 ദിവസം നിര്‍ഭയയില്‍ താമസിച്ച പെണ്‍കുട്ടി അവിടെ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തുകയായിരുന്നു. മര്‍ദ്ദനത്തെതുടര്‍ന്ന് പരിക്കേറ്റ കുട്ടി കോഴിക്കോട്ട സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് അന്തേവാസികള്‍ക്കും മര്‍ദ്ദനം ഏല്‍ക്കാറുണ്ടെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. നന്നായി പഠിച്ചിരുന്ന വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ വിടാനും അധികൃതര്‍ തയ്യാറായിരുന്നില്ല. എന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സസ്യാഹാരി ആയ തന്നെ നിര്‍ബന്ധിപ്പിച്ച് മാംസ ഭക്ഷണം കഴിപ്പിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. 

മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്റെ മകളെ ഉപദ്രവിച്ചവരെ ശിക്ഷിക്കണമെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, കുട്ടിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്നും നിര്‍ഭയ കേന്ദ്രത്തില്‍ പാര്‍പ്പിക്കേണ്ട സാഹചര്യം പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നുമാണ് നിര്‍ഭയാ അധികൃതരുടെ വിശദീകരണം.