മൊറാക്കോ: മൃഗശാല സന്ദര്‍ശിക്കാനെത്തിയ ബാലിക ആനയുടെ കല്ലേറില്‍ കൊല്ലപ്പെട്ടു. ഏഴു വയസുള്ള പെണ്‍കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മൊറോക്കോയിലെ റാബറ്റ് മൃഗശാലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.30 ഓടെയായിരുന്നു സംഭവം. ആനക്കൂടിന്‍റെ വേലിയില്‍ പിടിച്ചു നില്‍ക്കുമ്പോഴാണ് ആന തുമ്പിക്കൈ കൊണ്ട് കല്ലെടുത്തു എറിഞ്ഞത്. തലയുടെ പിന്‍ഭാഗത്ത് കല്ലുകൊണ്ട കുട്ടി ബോധരഹിതയായി വീണു. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി.
2012ല്‍ ആരംഭിച്ച റാബറ്റ് മൃഗശാലയിലെ ആദ്യ സംഭവമാണിത്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നെന്നാണ് അധികൃതരുടെ വാദം.
കഴിഞ്ഞ മാസം അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വാള്‍ട്ട് ഡിസ്‌നി വേള്‍ഡില്‍ രണ്ടു വയസുള്ള കുട്ടിയെ ചീങ്കണ്ണി പിടിച്ചിരുന്നു. സിന്‍സിനാറ്റി മൃഗശാലയില്‍ കൂട്ടിലേക്ക് വീണ കുട്ടിയെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവെച്ചു കൊന്ന സംഭവവും മാധ്യമ ശ്രദ്ധനേടിയിരുന്നു.
