പട്‌ന: ആശുപത്രിയില്‍ ഒന്‍പത് വയസ്സുകാരി ചികിത്സ കിട്ടാതെ മരിച്ചു. രജിസ്ട്രേഷന്‍ ഫോം പൂരിപ്പിച്ച് കിട്ടാന്‍ അച്ഛന്‍ വരിനില്‍ക്കുന്നതിനിടെയാണ് ചികിത്സ കിട്ടാതെ മകള്‍ മരിച്ചത്. ബീഹാറിലെ ലക്ഷിസരായി ജില്ലയിലെ കജ് രാ ഗ്രാമവാസിയായ രാംബാലകിന്‍റെ മകള്‍ റൗഷന്‍ കുമാരിയാണ് മരിച്ചത്. പട്‌നയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാോഫ് മെഡിക്കല്‍ സയന്‍സിലാണ് സംഭവം.
ആറു ദിവസം നീണ്ടുനിന്ന കടുത്ത പനിയെ തുടര്‍ന്ന് രാംബാലക് മകളുമായി എയിംസില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് കൗണ്ടറില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച് കൊണ്ടുവരാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിനിടെ കുട്ടിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. ഇത് ഭാര്യ ഇയാളെ അറിയിച്ചെങ്കിലും നീണ്ടവരിയുടെ പിന്നിലായിരുന്നു രാം ബാലകിന്‍റെ സ്ഥാനം. ഫോം പൂരിപ്പിക്കാന്‍ മാറിനില്‍ക്കാമോയെന്ന് രാംബാലക് മുന്നില്‍ നിന്നവരോട് അപേക്ഷിച്ചെങ്കിലും ആരും തയാറായില്ല. തുടര്‍ന്ന് കൗണ്ടറിലെ ക്ലര്‍ക്കിനോട് അപേക്ഷിച്ചെങ്കിലും ഫോം പൂരിപ്പിച്ച് നല്‍കാന്‍ തയാറായില്ല. പകരം വരിയില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.
രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച് തിരികെയെത്തുമ്പോഴേക്കും മകള്‍ മരിച്ചു. തുടര്‍ന്ന് റൗഷന്‍ കുമാരിയുടെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ രാംബാലകിന് ആംബുലന്‍സ് സേവനവും ലഭിച്ചില്ല. തുടര്‍ന്ന് നാലുകിലോമീറ്റര്‍ അകലെയുള്ള ഓട്ടോ ർറിക്ഷാ സ്റ്റാന്‍ഡ് വരെ മകളുടെ മൃതദേഹം ചുമലിലേറ്റിയാണ് കൊണ്ടുപോയത്.
അതേസമയം ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് എയിംസ് ഡയരക്ടര്‍ ഡോ. പ്രഭാത് കുമാര്‍ സിംഗ് പറഞ്ഞു. ഗുരുതരമായ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കിയതിന് ശേഷമേ ഫോം പൂരിപ്പിക്കാന്‍ ആവശ്യപ്പെടാറുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു.
