വീട്ടിലേക്ക് പോകില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതായി പൊലീസ്

ദില്ലി:ദില്ലിയില്‍ പൊലീസ് സ്റ്റേഷനില്‍ പതിനേഴുകാരി തൂങ്ങിമരിച്ച നിലയില്‍. വീട്ടിലേക്ക് പോകില്ലെന്ന് പറഞ്ഞ് രാത്രി രണ്ടുമണിക്ക് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബവും അയല്‍വീട്ടുകാരും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. 

എന്നാല്‍ ഇവര്‍ അവിടെനിന്നും വഴക്കുണ്ടാക്കി. തുടര്‍ന്ന് വീട്ടുകാരുടെ കൂടെ പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു. പെണ്‍കുട്ടികള്‍ക്കായുള്ള അഭയകേന്ദ്രത്തില്‍ വിടാന്‍ തീരുമാനിച്ചെങ്കിലും പെണ്‍കുട്ടി സ്റ്റേഷനിലെ മറ്റൊരു മുറിയില്‍ കയറി തൂങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മറ്റൊരു കഥയാണ് പറയുന്നത്. മകനെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കാനായി പെണ്‍കുട്ടിയെ അയല്‍വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി. പൊലീസ് സ്റ്റേഷനില്‍ നിന്നും വിളി വന്നതിനെ തുടര്‍ന്ന് എത്തിയതോടെയാണ് മകള്‍ തൂങ്ങിമരിച്ചതിനെക്കുറിച്ച് അറിയുന്നത്.