ജയ്‌പൂര്‍:‌ രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ സ്‌കൂള്‍ ‌മേധാവിയുടെയും അദ്ധ്യാപകന്‍റെയും ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ നില ഗുരുതരം. തുടര്‍ച്ചയായി രണ്ട് മാസത്തോളം പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് വിധേയമായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ജയ്‌പൂ‌രിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റി.

സ്കൂള്‍ ഡയറക്ടറായ ജഗദീഷ് യാദവ്, അദ്ധ്യാപകനായ ജഗത് സിംഗ് ഗുജാര്‍ എന്നിവരാണ് പീഡിപ്പിച്ചത്‍. 12-ാം ക്ലാസ് വിദ്യാര്‍‍ത്ഥിയായ പെണ്‍കുട്ടിയെ സ്കൂള്‍ വിട്ടതിന് ശേഷം അധിക ക്ലാസ് വെച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതികളായ ഇരുവരും ഇപ്പോള്‍ ഒളിവിലാണെന്ന് പൊലിസ് അറിയിച്ചു. ഗര്‍ഭച്ഛിദ്രം നടത്തിയ ആശുപത്രി അധികൃതര്‍ക്കെതിരെയും പൊലിസ് കേസെടുത്തു. 

കഴിഞ്ഞ ആഗസ്റ്റ് 25ന് വയറു വേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ വിവരമറിഞ്ഞെത്തിയ ജഗദീഷ് യാദവ് പെണ്‍കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. ഷാപുരയിലെ ക്ലിനിക്കിലേക്ക് മാറ്റിയ പെണ്‍കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അമ്മയോട് ആവശ്യപ്പെട്ടു. 

ശസ്ത്രക്രിയയുടെ മറവില്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയയായ പെണ്‍കുട്ടിയുടെ ആരോഗ്യം മോശമായി. തുടര്‍ന്നാണ് സെപ്റ്റംബര്‍ ഏഴിന് ഗുരുതരവസ്ഥയിലായ പെണ്‍കുട്ടിയെ ജയ്‌പൂ‌രിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റിയത്. ഒളിവിലുള്ള പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.