ഭോപ്പാല്‍:അമ്പലത്തിനുള്ളില്‍ വച്ച് 23 കാരിയെ ബലാത്സംഗം ചെയ്ത മൂന്നംഗ സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹായത്തോടെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് സംഭവം.
ആണ്‍സുഹൃത്തിനെ കാണാനായി പറ്റല്‍വാഡ ഗ്രാമത്തിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഇവിടെ ഒരു അമ്പലത്തിനടുത്തായാണ് സുഹൃത്തിനെ കാത്തുനിന്നത്. എന്നാല്‍ ഒറ്റയ്ക്ക് നില്‍ക്കുന്നതെന്താണെന്ന് ചോദിച്ചെത്തിയ ആള്‍ സുരക്ഷാകാരണങ്ങള്‍ പറഞ്ഞുകൊണ്ട് അമ്പലത്തിന്‍റെ വളപ്പിലേക്ക് കയറി നില്‍ക്കാന്‍ പെണ്‍കുട്ടിയോട് പറഞ്ഞു. തുടര്‍ന്ന് മറ്റു രണ്ടു സുഹൃത്തുകളെ വിളിച്ച് ഗേറ്റ് പൂട്ടിയ ശേഷം മൂവരും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ബലാത്സംഗത്തിന് ശേഷം മൂവരും പെണ്‍കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പെണ്‍കുട്ടി ആണ്‍സുഹൃത്തിനെ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. പിന്നീട് മറ്റൊരു സുഹൃത്തിനെ വിളച്ച് കാര്യം പറയുകയായിരുന്നു. ഇവരാണ് പൊലീസില്‍ വിവരമറിയിക്കുന്നത്.
സഞ്ജു ബാബ എന്ന സ്റ്റിക്കറൊട്ടിച്ച ബൈക്കിലാണ് പ്രതികളിലൊരാള്‍ സഞ്ചരിച്ചത്. ഇത് പെണ്‍കുട്ടി കൗണ്‍സിലേര്‍സില്‍ ഒരാളോട് പറഞ്ഞിരുന്നു.
ഈ ബൈക്കിനെ പിന്തുടര്‍ന്ന പൊലീസ് പ്രതികളിലൊരാളായ സഞ്ജയ് പട്ടേലിനെ അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ച ഇയാള്‍ മറ്റു പ്രതികളുടെ പേരുകളും പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് പ്രതികളിലൊരാളായ അഖിലേഷ് പട്ടേല്‍, മഹാദേവ് പട്ടിദര്‍ എന്നിവരെ പൊലീസ് പിടികൂടി.
