പത്തനംതിട്ട: മൂന്നിലധികം വിവാഹം കഴിച്ച യുവാവില്‍ നിന്നും പോലീസ് രക്ഷിച്ചെടുത്തു വീട്ടുകാരെ ഏല്‍പ്പിച്ച യുവതി വീട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ബസ് ജീവനക്കാരനുമായി ഒളിച്ചോടിയ ബിരുദ വിദ്യാര്‍ത്ഥിനിയാണ് വെള്ളത്തിലേക്ക് ചാടിയത്. ആറിന്റെ തിട്ടയില്‍ പിടിച്ചു കിടന്ന ഇവരെ പിന്നീട് രക്ഷപ്പെടുത്തി പോലീസെത്തി ആശുപത്രിയിലാക്കി.

കാഞ്ഞിരപ്പള്ളി സ്വദേശിയായ ആയൂബ് എന്ന യുവാവിനൊപ്പമാണ് യുവതി പോയത്. ബസ് ജീവനക്കാരനായ ഇയാള്‍ വിവാഹത്തട്ടിപ്പുകാരനാണെന്നാണ് പോലീസ് പറയുന്നത്. മുമ്പ് മൂന്ന് തവണ വിവാഹം കഴിച്ചയാളാണ് ആയൂബ്. ഇക്കാര്യം പോലീസ് യുവതിയെ ധരിപ്പിച്ചു. ആയൂബിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും ഉണ്ടായി. വീട്ടുകാര്‍ യുവതിയെ കാണാനില്ലെന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിടനാട് പോലീസ് പരിശോധന നടത്തുകയും കൊടൈക്കനാലില്‍ നിന്ന് യുവതിയേയും കാമുകനെയും കണ്ടെത്തുകയും പിന്നീട് വീട്ടുകാര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.

യുവതിയെ ഷെല്‍ട്ടര്‍ഹോമിലേക്ക് മാറ്റുകയും ഇന്നലെ അച്ഛനും ബന്ധുവും ഷെല്‍ട്ടര്‍ ഹോമില്‍ എത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്കൊപ്പം പെണ്‍കുട്ടിയെ വിടുകയും ചെയ്തു. ഇതിന് ശേഷം വീട്ടിലേക്കുള്ള മടക്കയാത്രയില്‍ ചൊവ്വാഴ്ച കൈപ്പട്ടൂര്‍ പാലത്തില്‍ നിന്നും അച്ചന്‍കോവില്‍ ആറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. വശത്ത് പിടിച്ചുകിടന്ന ഇവരെ രക്ഷപ്പെടുത്തി. കാറിലായിരുന്നു യാത്ര. വാഹനം കൈപ്പട്ടൂര്‍ പാലത്തില്‍ എത്തിയപ്പോള്‍ ഛര്‍ദ്ദിക്കണമെന്ന് പറഞ്ഞ് നിര്‍ത്തിച്ച ശേഷമാണ് ആറ്റിലേക്ക് എടുത്തുചാടിയത്.