ചെന്നൈ: ഡോക്ടര്‍മാര്‍ മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ തലച്ചോറിലെ ടൂമര്‍ നീക്കം ചെയ്യുമ്പോഴും ആ പത്തുവയസ്സുകാരി അവളുടെ ഇഷ്ട ഗെയിമായ ക്യാന്‍റി ക്രഷ് കളിക്കുകയായിരുന്നു. ഉണര്‍ന്നിരുന്നുകൊണ്ടും കൈ-കാലുകള്‍ ചലിപ്പിച്ചുകൊണ്ടും സംസാരിച്ചുകൊണ്ടും സര്‍ജറി ശരിയായ ദിശയിലാണെന്ന ആത്മവിശ്വാസമാണ് അവള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയത്. ചെന്നൈയിലെ എസ്.ആര്‍.എം. ഇന്‍സ്റ്റിറ്റിയൂട്ട്സ് ഫോര്‍ മെഡിക്കല്‍ സയന്‍സിലാണ്(സിംസ്) അബോധവസ്ഥയിലാക്കാതെ ഒരു രോഗിയെ സര്‍ജറിക്ക് വിധേയമാക്കിയത്.

അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയും ഭരതനാട്യം നര്‍‌ത്തികിയുമായ നന്ദിനി(10)യാണ് പെട്ടെന്നുവന്ന അപസ്മാരം മൂലം ചികിത്സയ്ക്കെത്തിയത്. നന്ദിനിയുടെ തലച്ചോര്‍ സ്കാന്‍ ചെയ്തപ്പോഴാണ് തലച്ചോറിന്‍റെ പ്രധാന ഭാഗത്ത് ഒരു ടൂമര്‍ വളരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഇടത് കാല്‍,കൈ തുടങ്ങിയ ശരീരത്തിന്‍റെ ഇടതുഭാഗങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗത്താണ് ടൂമര്‍ ഉണ്ടായത്. ടൂമര്‍ വളരുകയാണെങ്കില്‍ ശരീരം തളര്‍ന്നുപോകാവുന്ന അവസ്ഥയിലേക്ക് വരെ പോകാമെന്ന് നന്ദിനിയെ പരിശോധിച്ച സിംസ് ആശുപത്രിയില ന്യൂറോസര്‍ജന്‍ ഡോ. രൂപേഷ് കുമാര്‍ മാതാപിതാക്കളെ അറിയിച്ചു.

രോഗിയെ മയക്കിയതിന് ശേഷം സര്‍ജറി ചെയ്താല്‍ തലച്ചോറിലെ ചില നാഡിയില്‍ സ്പര്‍ശിച്ചാല്‍ ചിലപ്പോള്‍ പരാലിസിസ് പോലും സംഭവിക്കാം അതിനാലാണ് താന്‍ ഇങ്ങനെയൊരു വെല്ലുവിളി സ്വീകരിച്ചതെന്നും ഡോ.രീപേഷ് പറഞ്ഞു. രോഗി ഉണര്‍ന്നിരുന്നാല്‍ മാത്രമേ ഇത്തരം നാഡിയില്‍ സ്പര്‍ശിക്കാതെ സര്‍ജറി നടത്താന്‍ സാധിക്കുകയുളളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബ്രെയിന്‍ ടൂമര്‍ രോഗികളില്‍ രണ്ട് ശതമാനം മാത്രമാണ് ബോധംകെടുത്താതെ സര്‍ജറി ചെയ്യാറുളളൂ. കുട്ടികളില്‍ അപൂര്‍വമായി മാത്രമേ ചെയ്യാറുളളൂ എന്നും സിംസിലെ ഡോ.സുരേഷ് ബാബു പറഞ്ഞു. ഈ സര്‍ജറി ചെയ്യുമ്പോള്‍ രോഗി വേദന അറിയില്ല. സര്‍ജറി കഴിഞ്ഞ് രണ്ട് ദിവസത്തിനുളളില്‍ രോഗിക്ക് ആശുപത്രി വിടാം.സര്‍ജറി വിജയമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉടനെ തന്നെ ഭരതനാട്ട്യം കളിക്കണമെന്നാണ് നന്ദിനിയുടെ ആഗ്രഹം.