പെരുമ്പാവൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറാം ക്ലാസ്സുകാരിയുടെ സ്കോളർഷിപ്പ് തുകയും. പെരുമ്പാവൂർ വടക്കേ ഏഴിപ്രം സ്കൂളിലെ ജുമാന ഫാത്തിമയാണ് തനിക്ക് കിട്ടിയ സ്കോളർഷിപ്പ് തുക കൈമാറി മാതൃകയായത്. പ്രളയ കെടുതിയിൽ നിന്ന് സംസ്ഥാനത്തെ കരകയറ്റാൻ സഹയിക്കണമെന്ന് മുഖ്യമന്ത്രിയുടെ വാക്കുകൾ കുഞ്ഞ് ജുമാന കേട്ടിരുന്നു.

കൂടാതെ, പോകുന്നിടത്തെല്ലാം ഇതെഴുതി വച്ചിരിക്കുന്നത് കാണുകയും ചെയ്യുമ്പോള്‍ തനിക്കാവുന്നത് ചെയ്യണമെന്ന് ജുമാന ആഗ്രഹിച്ചിരുന്നു. ഇതിനിടെ മുത്തച്ഛൻ തന്‍റെ പെൻഷൻ തുക സംഭാവന ചെയ്യുന്നതായും ജുമാന അറിഞ്ഞതോടെ എവിടെ നിന്നെങ്കിലും പണം കിട്ടിയാൽ താനും പങ്കാളിയാകുമെന്ന് തീരുമാനിച്ചു.

അങ്ങനെയിരിക്കുമ്പോഴാണ് തന്‍റെ അക്കൗണ്ടിൽ സ്കോളർഷിപ്പ് തുക എത്തിയെന്നുള്ള വിവരം ജുമാനയെ തേടിയെത്തിയത്. കഴിഞ്ഞ വർഷത്തെ എൽഎസ്എസ് സ്കോളർഷിപ്പിൽ ഉന്നത വിജയം കരസ്ഥമാക്കിയതിന് 12,000 രൂപയാണ് കിട്ടിയത്. പിതാവിനോടൊപ്പം ബാങ്കിലെത്തിയ ജുമാന ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി.