പൂവാല ശല്യം രൂക്ഷമായതു മൂലം സ്‍കൂളിൽ പോകാൻ കഴിയാതെ 100 ഓളം പെൺകുട്ടികൾ. ഉത്തർപ്രദേശിലെ ബരേലി ഗ്രാമത്തിലെ പെൺകുട്ടികള്‍ക്കാണ് ഈ ദുരനുഭവം. രണ്ടു വർഷമായിട്ടും ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അധികൃത‍ർക്ക് കഴിഞ്ഞിട്ടില്ല.

ഉത്തർപ്രദേശിലെ ബരേലി ഗ്രാമത്തിൽ നിന്നുള്ള 100 ഓളം പെൺകുട്ടികളാണ് പൂവാലശല്യം രൂക്ഷമായതു മൂലം സ്‍കൂളിൽ പോകാൻ കഴിയാതെ ദുരിതത്തിലായത്. രണ്ട് വ‍ർഷം മുമ്പാണ് സ്കൂളിലേക്ക് പോയ പെൺകുട്ടികളെ ഒരു കൂട്ടം യുവാക്കൾ സംഘചേ‌ർന്ന് ആദ്യം ഉപദ്രവിക്കുന്നത്. പിന്നീട് ബൈക്കുകളിലും മറ്റും പിന്തുടർന്ന് പെൺകുട്ടികളെ ശല്യം ചെയ്തു തുടങ്ങി. ചിലപ്പോൾ കുട്ടികൾക്ക് തങ്ങളുടെ ഫുട്ബോളുകളും ക്രിക്കറ്റ് ബോളുകളും വലിച്ചെറിയുകയും മാരകായുധങ്ങൾ കാട്ടി ഭയപ്പെടുത്തുകയും ചെയ്യുമെന്ന് കുട്ടികൾ പറയുന്നു.

ശല്യം രൂക്ഷമായപ്പോൾ പെൺകുട്ടികൾ അവരുടെ വീടുകളില്‍നിന്ന് സഹോദരമാരെ ഒപ്പംകൂട്ടി. എന്നാൽ അവരെ വഴിയിൽ വച്ച് പൂവാലസംഘം ക്രൂരമായി മർദ്ദിച്ചു. പെൺകുട്ടികള്‍ അവരുടെ ഗ്രാമത്തിൽ നിന്ന് സ്കൂളിലേക്ക് പോകുന്ന രണ്ട് കിലോമീറ്റർ ദൂരത്തിലാണ് പൂവാലന്മാരുടെ അഴിഞ്ഞാട്ടം. പെൺകുട്ടികളുടെ മാതാപിതാക്കളും സ്കൂള്‍അധികൃതരും പലവട്ടം പൊലീസിൽ പരാതി നൽകിയെങ്കിലും പൂവാല സംഘത്തെ പിടികൂടിയിട്ടില്ല. ഉന്നത രാഷ് ട്രീയ ബന്ധമുള്ളവരുടെ മക്കളാണ് പെൺകുട്ടികളെ ഉപദ്രവിക്കുന്നതെന്നും പൊലീസ് ഇവ‍ർക്ക് ഒത്താശ ചെയ്യുകയാണെന്നും ഗ്രാമവാസികൾ ആരോപിക്കുന്നു.

സ്ത്രീ ശാക്തീകരണവും സുരക്ഷയും ഏറെ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് രാജ്യത്തെ നൂറോളം പെൺകുട്ടികൾ ഭീതിയോടെ പഠനം ഉപേക്ഷിക്കുന്നത് അതിദയനീയ കാഴ്ചയാണ്.