കത്വ:പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

First Published 16, Apr 2018, 4:33 PM IST
Give Security To Kathua Childs Family Top Court Tells State Government
Highlights
  • കുട്ടിയുടെ പിതാവിന്‍റെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി അവര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ദില്ലി:കത്വയിലെ രസ്ന ഗ്രാമത്തില്‍ വച്ച് കൊല്ലപ്പെട്ട എട്ട് വയസ്സുകാരി പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വളര്‍ത്തു കുതിരകളെ തേടി പോയ പെണ്‍കുട്ടിയെ പ്രദേശത്തെ ക്ഷേത്രത്തിലിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു കൊന്ന സംഭവം അന്താരാഷ്ട്ര തലത്തില്‍ വരെ വാര്‍ത്തയാവുകയും പ്രതികളെ ചൊല്ലി  കശ്മീരില്‍ വലിയ സംഘര്‍ഷങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് കേസിന്‍റെ വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. സുരക്ഷ കാരണങ്ങളാല്‍ പെണ്‍കുട്ടിയുടെ കുടുംബം ഇതിനോടകം ഗ്രാമത്തില്‍ നിന്നും പാലായനം ചെയ്തു കഴിഞ്ഞു. കുട്ടിയുടെ പിതാവിന്‍റെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി അവര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ കുടുംബത്തെ കൂടാതെ അവരുടെ അഭിഭാഷകയുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസിന്‍റെ വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്‍റെ ഹര്‍ജിയില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 

എട്ട് വയസ്സുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് പീഡിപ്പിച്ചുകൊന്ന കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ എട്ടു പ്രതികളാണ് കസ്റ്റഡിയിലുള്ളത്. സെഷൻസ് കോടതിയിൽ തുടങ്ങുന്ന വിചാരണ നടപടികൾക്കായി രണ്ട് പ്രത്യേക പ്രോസിക്യൂട്ടർമാരെ ജമ്മു കശ്മീർ സർക്കാർ നിയമിച്ചിട്ടുണ്ട്. കേസിൽ മതനിഷ്പക്ഷത ഉറപ്പാക്കാൻ സിക്ക് സമുദായത്തിൽ നിന്നുള്ള രണ്ട് അഭിഭാഷകരെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർമാരായി സർക്കാർ നിയമിച്ചിരിക്കുന്നത്. സംഭവം ഹിന്ദു മുസ്ലീം വിഭാഗങ്ങൾ തമ്മിൽ വലിയ വിഭാഗീയത സൃഷ്ടിച്ച സാഹചര്യത്തിലാണ് നടപടി.

ആട്ടിടയ വിഭാഗമായ ബക്കർവാളുകളെ സ്വന്തം ഗ്രാമത്തിൽ നിന്ന് ഓടിക്കാൻ ഒരു കൂട്ടം ഗ്രാമവാസികൾ ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് കൊലയെന്നാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ പറ‌ഞ്ഞിരിക്കുന്നത്. എട്ട് വയസ്സുള്ള പെൺകുട്ടിയെ കാട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചു. പ്രദേശത്തെ ഹിന്ദുക്ഷേത്രത്തിലാണ് കുട്ടിയെ പാർപ്പിച്ചിരുന്ന്. ദിവസങ്ങളുടെ പീഡനത്തിനൊടുവിൽ കൊലപ്പെടുത്തുകയായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു. പൊലീസുകാരും മുൻ റവന്യൂ ഉദ്യോഗസ്ഥനും ഉൾപ്പെടെയുള്ളവരാണ് കേസിൽ പിടിയിലായതെന്നാണ് രാജ്യത്തെ ഞെട്ടിച്ച കാര്യം.

എന്നാൽ പൊലീസ് അന്വേഷണം നീതിപൂ‍ർവകമല്ലെന്ന് ആരോപിച്ച് പ്രദേശത്തെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. ഹിന്ദു ഏകതാ മഞ്ച് എന്ന പേരിൽ രൂപീകരിച്ച സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധങ്ങൾ. സംസ്ഥാനത്തെ രണ്ട് മന്ത്രിമാർ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നടത്തിയ പ്രകടനത്തിൽ പങ്കെടുത്തിരുന്നു. ഇവർക്കെതിരെ ജനവികാരം ആളിക്കത്തിയതിനെ തുടർന്ന് ഇരുവരെയും രാജിവയ്പ്പിക്കാൻ ബിജെപി നേതൃത്വം നിർബന്ധിതരായി.കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ നിന്ന് പൊലീസിനെ അഭിഭാഷകർ തടയുന്ന സ്ഥിതിവിശേഷവും സംസ്ഥാനത്ത് ഉണ്ടായിരുന്നു. സുപ്രീം കോടതി ഇക്കാര്യത്തിൽ സ്വീകരിച്ച ശക്തമായ നിലപാടിനെ തുടർന്നാണ് അഭിഭാഷകരുടെ പ്രതിഷേധങ്ങൾ അടങ്ങിയത്.
 

loader