സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ സിറിയ ഏറ്റവും പിന്നില്‍

ലണ്ടന്‍: ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യമായി വീണ്ടും ഐസ്‍ലാന്‍റ് തെരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയയിലെ സിഡ്നി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ് പീസ് നടത്തിയ പഠനത്തിലാണ് ഐസ്‍ലാന്‍റ് 2008 മുതലുള്ള തങ്ങളുടെ പ്രഥമസ്ഥാനം നിലനിര്‍ത്തിയത്. ന്യൂസിലാന്‍റ്, പോര്‍ച്ചുഗല്‍, ഓസ്ട്രിയ, ഡെന്‍മാന്‍ക്ക് എന്നീ രാജ്യങ്ങളാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്. 2017ല്‍ 163 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ സിറിയ ആണ് സമാധാനത്തില്‍ ഏറ്റവും പിന്നിലുള്ള രാജ്യം.

അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സൗത്ത് സുഡാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളും സമാധാനത്തില്‍ ഏറെ പിന്നിലാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇന്ത്യയില്‍ സമാധാനം ഉണ്ടായിട്ടുണ്ടെന്ന് പഠനം വിലയിരുത്തുന്നു.. 2016ല്‍ 141-ാം സ്ഥാനത്തായിരുന്ന ഇന്ത്യ നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 137-ാം സ്ഥാനത്ത് എത്തി. കടുത്ത കുറ്റകൃത്യങ്ങളില്‍ ഉണ്ടായ കുറവ് ഇന്ത്യയിലെ സമാധാന സാഹചര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്. എന്നാല്‍, കാശ്മീരില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളും മരണങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുകയാണെന്ന പരമാര്‍ശം റിപ്പോര്‍ട്ടിലുണ്ട്.

മരണപ്പെടുന്നവരുടെ കണക്കില്‍ വലിയ കുറവ് വന്നിട്ടുള്ള രാജ്യങ്ങളിലും ഇന്ത്യയുണ്ട്. ശ്രീലങ്കയും കൊളംബിയയും ഉഗാണ്ടയുമാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു ചില രാജ്യങ്ങള്‍. ആയുധ ശേഖരത്തില്‍ കഴിഞ്ഞ 30 വര്‍ഷമായി കൃത്യമായ വര്‍ധനയുണ്ടകുന്ന രാജ്യങ്ങളെ സ്ഥിരതയില്ലാത്ത പ്രദേശങ്ങളാക്കി പട്ടിക തിരിച്ചിട്ടുണ്ട്. ഈജിപ്ത്, ഇന്ത്യ, ഇറാന്‍, പാക്കിസ്ഥാന്‍ സൗത്ത് കൊറിയ, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സിറിയയിലാണ്.

മെക്സിക്കോ, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, യെമന്‍ എന്നിവര്‍ സിറിയയുടെ പിന്നില്‍ നില്‍ക്കുന്നു. പഠന പ്രകാരം 2016നെക്കാള്‍ 0.27 ശതമാനം ലോകത്തിലെ സമാധാന അന്തരീക്ഷം കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ലോക സമാധാനത്തില്‍ ഇടിവുണ്ടാകുന്നത്. 92 രാജ്യങ്ങളില്‍ സമാധാനം കുറഞ്ഞപ്പോള്‍ 71 രാജ്യങ്ങളില്‍ വര്‍ധനവുണ്ടായി. ദക്ഷിണ അമേരിക്കയിലാണ് ഏറ്റവും വലിയ ഇടിവുണ്ടായത്.