ആഗോളതാപനം കുറയ്ക്കാൻ ലോകരാജ്യങ്ങളുടെ സുപ്രധാന ചുവടുവയ്പ്പ് വീണ്ടും. റഫ്രിജറേറ്ററുകളിലും എയർ കണ്ടീഷനുകളിലും ഉപയോഗിക്കുന്ന ഹൈഡ്രോ ഫ്ലൂറോ കാർബണുകളുടെ ഉപയോഗം കുറയ്ക്കാൻ 150ലേറെ രാജ്യങ്ങൾ കരാറിലെത്തി. പാരിസ് ഉടന്പടിയ്ക്ക് പിന്നാലെ ഭൂമിയെ തണുപ്പിക്കാൻ ലോക രാജ്യങ്ങൾ വീണ്ടും കൈകോർത്തു. 1987ലുണ്ടാക്കിയ മോണ്ട്രിയോൾ പ്രോട്ടോകോളിൽ ഭേദഗതി വരുത്തിയാണ് പുതിയ ധാരണയിലെത്തിയിരിക്കുന്നത്.

ഹൈഡ്രോഫ്ലൂറോ കാർബൺ വിഭാഗത്തിൽ പെടുന്ന വാതകങ്ങൾ ഓസോൺ പാളിയിൽ വിള്ളലുണ്ടാക്കുന്നില്ലെങ്കിലും ആഗോളതാപനം കുറയ്ക്കുന്നതിൽ പ്രധാന പങ്കുണ്ടെന്ന കണ്ടെത്തലാണ് ഇവയുടെ ഉപയോഗം കുറയ്ക്കാനുള്ള തീരുമാനത്തിന് പിന്നിൽ. 2045ഓടെ ഘട്ടംഘട്ടമായി ഇവയുടെ ഉപയോഗം കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം.
റുവാണ്ടയുടെ തലസ്ഥാനമായ കിഗലിയിൽ മോണ്ട്രിയോൾ പ്രോട്ടോകോളിൽ ഒപ്പുവച്ച അമേരിക്കയും ചൈനയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങളുടെ യോഗമാണ് ധാരണയിലെത്തിയത്. രാജ്യങ്ങളെ മൂന്ന് സംഘങ്ങലാക്കി തിരിച്ചാണ് HFC ഉപയോഗം കുറയ്ക്കുന്നതിന്‍റെ തോത് നിശ്ചയിച്ചിരിക്കുന്നത്.

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അടക്കമുള്ള വികസിത രാജ്യങ്ങൾ 2019ഓടെ HFC ഉപയോഗം 10ശതമാനം കുറയ്ക്കും.ചൈനയും ലാറ്റിനമേരിക്കയിൽ നിന്നുള്ള വികസ്വര രാജ്യങ്ങളും 2024 മുതൽ HFC ഉപയോഗം മരവിപ്പിക്കും. പിന്നീട് ഉപയോഗം കുറയ്ക്കും. എന്നാൽ ഏറ്റവും വലിയ HFC ഉത്പാദക രാജ്യമായ ചൈനയ്ക്ക് ചില ഇളവുകൾ നൽകിയിട്ടുണ്ട്.
ഇന്ത്യ 2032ആകുന്പോൾ HFC ഉപയോഗം 10ശതമാനം കുറച്ചാൽ മതിയാകും. കരാർ മഹത്തായ മുന്നേറ്റമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി പറഞ്ഞു.

എന്നാൽ ചൈനയ്ക്കും ഇന്ത്യയ്ക്കും നൽകിയ ഇളവുകൾ കരാറിന്‍റെ ലക്ഷ്യപ്രാപ്തിക്ക് തടസമാകുമെന്ന വാദവും ഉയർന്നിട്ടുണ്ട്. 2015ൽ പാരിസിൽ എത്തിച്ചേർന്ന ഉടന്പടി കഴിഞ്ഞ ആഴ്ച നിലവിൽ വന്നതിന് പിന്നാലെയുള്ള പുതിയ ധാരണ ആഗോളതാപനം കുറയ്ക്കാൻ സഹായകമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.>