തിരുവനന്തപുരം: യു.എന്നിന്റെ യൂത്ത് വീഡിയോ മത്സരത്തില്‍ മലയാളിയുടെ വീഡിയോ അവസാന റൗണ്ടില്‍. നെടുമങ്ങാട് സ്വദേശി ആദര്‍ശ് പ്രതാപ് തമിഴ്‌നാട് പിച്ചാവരം പശ്ചാത്തലമാക്കി ചിത്രീകരിച്ച വീഡിയോ ആണ് അപൂര്‍വ നേട്ടം കൈവരിച്ചത്.
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തുന്ന ആഗോള യുവ വീഡിയോഗ്രഫി മത്സരത്തിലാണ് (United Nations Global Youth Video Competition 2017) വീഡോയ അവസാന റൗണ്ടില്‍ മത്സരത്തിനെത്തിയത്.
'Let mangroves recover' എന്ന തലക്കെട്ടില്‍ ഉള്ള വീഡിയോ സമുദ്രവും കാലാവസ്ഥ വ്യതിയാനവും എന്ന വിഭാഗത്തിലാണ് മത്സരിക്കുന്നത്. തമിഴ്‌നാട്ടിലെ പിച്ചാവരത്തെ കണ്ടല്‍ കാടുകള്‍ സുനാമിയെ എങ്ങനെ പ്രതിരോധിക്കുന്നു എന്ന വിഷയമാണ് കൈകാര്യം ചെയ്യുന്നത്.
മത്സരയിനത്തില്‍ അവസാന റൗണ്ടിലെത്തിയ വീഡിയോ കാണാം
ഇന്ന് കണ്ടല്‍ കാടുകള്‍ നശിക്കുകയാണെന്നും അവയുടെ പ്രാധാന്യമെന്താണെന്നും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. കണ്ടല്‍ കാടുകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലൂടെയാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ കടന്നുപോകുന്നത്.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി തയ്യാറാക്കിയ വീഡിയോ ഈ മത്സരത്തില്‍ അവസാന റൗണ്ടില്‍ എത്തുന്നത്. നിരവധി രാജ്യങ്ങളില്‍ നിന്നായി എത്തിയ എന്‍ട്രികളില്‍ നിന്ന് 20 വീഡിയോകള്‍ തിരഞ്ഞെടുത്തിരിക്കുകയാണിപ്പോള്‍. ഇരുപത് വീഡിയോകളും തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായി ഓണ്‍ലൈന്‍ വോട്ടിങ് നടക്കുകയാണ്. യൂ ട്യൂബില്‍ കൂടുതല്‍ വ്യൂ ലഭിക്കുന്നത് വോട്ടായി പരിഗണിക്കും. മത്സരഫലത്തില്‍ ഇത് നിര്‍ണ്ണായകമാകും.
സപ്തംബര്‍ 15നാണ് ഓണ്‍ലൈന്‍ വ്യൂ കൗണ്ട് വോട്ടിങ് തുടങ്ങിയത്. മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളിയുടെ വീഡിയോ എന്ന നിലയില്‍ നല്ല പ്രതികരണമാണ് വീഡിയോക്ക് ലഭിക്കുന്നത്.
