ദില്ലി: ഇത്തവണത്തെ അന്താരാഷ്ട്ര യോഗാ ദിനത്തിൽ യോഗയെ ഖാദിയുമായി സമന്വയിപ്പിച്ച് ആയിരക്കണക്കിന് ഖാദി സംരഭങ്ങൾക്ക് കൈത്താങ്ങാകുകയാണ് കേന്ദ്ര ആയുഷ് മന്ത്രാലയം. ഇത്തവണത്തെ യോഗാദിനത്തിൽ പ്രധാനമന്ത്രി മുതൽ സ്കൂൾ വിദ്യാർത്ഥികൾ വരെ ഖാദിയിൽ അണിനിരക്കും. സമൂഹ യോഗാഭ്യാസം സംഘടിപ്പിക്കുന്ന സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും മറ്റ് സ്ഥാപനങ്ങളോടും ഖാദി വസ്ത്രങ്ങൾ ഉപയോഗിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. ഇതോടെ ഖാദി വിപണിയും ഉണർന്നിരിക്കുകയാണ്.
സമൂഹ യോഗാഭ്യാസങ്ങളിൽ അണിനിരക്കുന്നവർക്കായി ഖാദി കിറ്റ് വിപണന കേന്ദ്രങ്ങളിൽ വിൽപ്പനക്ക് തയ്യാറായി കഴിഞ്ഞു.സർക്കാർ ,അർദ്ധ സർക്കാർ ,സ്വകാര്യ സ്ഥാപനങ്ങൾ ലക്ഷങ്ങളുടെ ഓർഡറുകളും വിപണന കേന്ദ്രങ്ങൾക്ക് നൽകി കഴിഞ്ഞു. ആൾ ഇന്ത്യാ റേഡിയോയിലെ മൻകിബാത്തിൽ പ്രധാനമന്ത്രി മുന്നോട്ട് വച്ച നിർദ്ദേശമാണ് ആയുഷ് മന്ത്രാലയവും, ചെറുകിട ഇടത്തര വ്യവസായ വകുപ്പും യാഥാർത്ഥ്യമാക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ യോഗാ ദിനത്തില്‍ ചൈനീസ് മാറ്റുകൾ ഉപയോഗിച്ചത് വിവാദമായതോടെയാണ് ഇത്തവണ യോഗാ മാറ്റും സ്വദേശിയാക്കിയത്. ഖാദിയിലും ചണത്തിലും നിർമ്മിച്ചെടുത്ത് മാറ്റുകളാണ് ഇത്തവണ ഉപയോഗിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയാണ് വസ്ത്രങ്ങൾ രൂപ കൽപന ചെയ്തത്.
ചർക്കയിൽ നെയ്തടുത്ത കുർത്തയും, പാന്‍റും, വെള്ളതൂവാലയും, ത്രിവർണ്ണ നിറത്തിലുള്ള മാലയും അടങ്ങുന്ന കിറ്റിന് 35 ശതമാനം ഇളവ് നൽകിയാണ് വിറ്റഴിക്കുന്നത്.മൊത്തം വിൽപനയുടെ 60 ശതമാനം തുക ചെറുകിട ഉൽപാദകർക്ക് നൽകും.
