ഗോവ: സൂര്യാസ്തമയത്തിന് ശേഷം ഗോവ കടലില്‍ ഇറങ്ങരുതെന്ന് സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. ഗോവാ തീരത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്കും മറ്റുമാണ് സര്‍ക്കാര്‍ താക്കീത് നല്‍കിയത്. ഇതു സംബന്ധിച്ച് ഗോവ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ ഉത്തരവ് ഇറക്കിയത്. സൂര്യാസ്തമയത്തിന് ശേഷം കടലില്‍ നീന്തുന്നതും കുളിക്കുന്നതും ഒഴിവാക്കണമെന്നാണ് പുതിയ നിര്‍ദേശം.


 കടലില്‍ മുങ്ങി മരിക്കുന്നത് പതിവായതിനെ തുടര്‍ന്നാണ് സൂര്യാസ്തമയത്തിന് ശേഷം കടലില്‍ നീന്തുന്നത് നിയന്ത്രിച്ചത്. മദ്യപിച്ച് എത്തുന്ന സഞ്ചാരികള്‍ രാത്രി വൈകിയും കടലില്‍ കുളിക്കുന്നത് പതിവാണ്. ഇതേ തുടര്‍ന്നാണ് കര്‍ശന നിര്‍ദേശം. കഴിഞ്ഞ ദിവസം ഗോവയുടെ വടക്കന്‍ തീരത്ത് രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചിരുന്നു. സമാനമായി ഗോവയിലെത്തിയ മറ്റ് വിനോദ സഞ്ചാരികളും മുങ്ങി മരിച്ചിരുന്നു.

ഹോട്ടല്‍,ഗസ്റ്റ് ഹൗസ്, റസ്‌റ്റോറന്റ്, ടാക്‌സി, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിലൂടെ രാത്രിയായാല്‍ ഇത്തരം സഞ്ചാരികളുടെ ജീവന്‍ അപകടപ്പെടുന്നത് ഒഴിവാക്കാന്‍ കഴിയുമെന്ന് ടൂറിസം അധികൃതര്‍ പറയുന്നു. വിനോദ സഞ്ചാരികളുടെ സുരക്ഷയെ മുന്‍ നിര്‍ത്തി ലൈഫ് ഗാര്‍ഡുകള്‍ക്ക് പ്രേത്യേക പരിശീലനം നല്‍കുമെന്നും ടൂറിസം ഡിപ്പാര്‍ട്ട്‌മെന്‍റ് അറിയിച്ചു.