ഗോവയിലെ അല്‍ദോന എംഎല്‍എ ആയ ഗ്ലെന്‍ ടിക്ലോയുടെ മകന്റെ ആഡംബര കാറാണ് സഹോദരിമാരെ ഇടിച്ച് തെറിപ്പിച്ചത്. തമ്രീന്‍ ഖാലിദ് ബിസ്‌പി എന്ന പെൺകുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു.  ഗുരുതര പരിക്കുകളോടെ പെൺകുട്ടിയുടെ  സഹോദരി തെഹ്നിയത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

പനാജി: ഗോവന്‍ എംഎല്‍എയുടെ മകന്‍ ഓടിച്ച ബിഎംഡബ്ല്യു കാര്‍ ഇടിച്ച് 20കാരിക്ക് ദാരുണാന്ത്യം. പനാജിയിലെ ബെല്‍ഗാവിലാണ് സംഭവം. ഗോവയിലെ അല്‍ദോന എംഎല്‍എ ആയ ഗ്ലെന്‍ ടിക്ലോയുടെ മകന്റെ ആഡംബര കാറാണ് സഹോദരിമാരെ ഇടിച്ച് തെറിപ്പിച്ചത്. തമ്രീന്‍ ഖാലിദ് ബിസ്‌പി എന്ന പെൺകുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ പെൺകുട്ടിയുടെ സഹോദരി തെഹ്നിയത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

തിങ്കളാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ഗാന്ധി നഗറിനടുത്ത് തമ്രീനും സഹോദരി തെഹ്നിയും റോ‍ഡ് മുറിച്ച് കടക്കവേ അമിത വേഗത്തിൽ എത്തിയ കൈലിന്റെ കാർ സഹോദരങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തമ്രീന്‍ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായും സഹോദരി തെഹ്‍നിയത്തിനെ ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അമിത വേഗത്തെ തുടർന്ന് കാർ നിയന്ത്രണം വിടുകയും ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ എംഎല്‍എയുടെ മകന്റെ വാഹനം അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തു. ഒപ്പം 15 മിനിറ്റോളം ദേശീയ പാതയില്‍ ഗതാഗതം നാട്ടുകാര്‍ തടസ്സപ്പെടുത്തുകയും ചെയ്തു. ശേഷം 25കാരനായ കൈലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം കൈയിലിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായും പൊലീസ് അറിയിച്ചു.