ഇംഫാല്‍: സ്കൂളില്‍ സന്ദര്‍ശനം നടത്തിയ മണിപ്പൂരിലെ വിദ്യാഭ്യാസ മന്ത്രി റ്റി.രാധേഷയം ക്ലാസ് മുറിയില്‍ കണ്ടത് കുട്ടികള്‍ക്ക് പകരം ആടുകളെ. കുട്ടികളില്ലാതിരുന്ന രണ്ട് ക്ലാസ്മുറികളിലാണ് ആടുകളുണ്ടായിരുന്നത്. മണിപ്പൂരിലെ കെലാഖോംഗിലെ ഒരു സ്കൂളിലാണ് സംഭവം. പെട്ടന്നുള്ള സന്ദര്‍ശനമായിരുന്നു മന്ത്രിയുടേത്. എന്നാല്‍ സ്കൂളില്‍ ആവശ്യത്തിന് കുട്ടികളുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെട്ടിരുന്നത്.

ഇത്തരത്തില്‍ വ്യാജ അവകാശവാദങ്ങളുന്നയിച്ച് ഉച്ചഭക്ഷണവും, ബുക്കുകളും, സ്കൂള്‍ യൂണിഫോമും ഗവണ്‍മെന്‍റില്‍ നിന്ന് സ്കൂള്‍ അധികൃതര്‍ കൈപ്പറ്റിയിരുന്നു. രണ്ട് നിയോജക മണ്ഡലങ്ങളിലെ ചില സ്കൂളുകളിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. കുട്ടികള്‍ സ്കൂളില്‍ ഇല്ലാതിരുന്നത് അമ്പരിപ്പിച്ചെന്നും ചില സ്കൂളുകളുടെ കെട്ടിടം മോശം അവസ്ഥയിലാണെന്നും മന്ത്രി പറഞ്ഞു. പഴയ കെട്ടിടങ്ങള്‍ പുതുക്കി പണിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പുതിയത് നിര്‍മ്മിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

32 കുട്ടികളുണ്ടെന്ന് പറഞ്ഞ സ്കൂളില്‍ മന്ത്രി കണ്ടത് വെറും രണ്ട് വിദ്യാര്‍ത്ഥികളെ. 72 കുട്ടികളുണ്ടെന്ന് അവകാശപ്പെട്ട സ്കൂളിലാകട്ടെ വെറും 16 പേരും. രണ്ട് അധ്യാപകരുണ്ടെന്ന് ഹെഡ്മാസ്റ്റര്‍ പറഞ്ഞെങ്കിലും ആരെയും സ്കൂള്‍ പരിസരത്ത് മന്ത്രിക്ക് കാണാന്‍ കഴിഞ്ഞില്ല. അധ്യാപകര്‍ ചില ജോലികള്‍ക്കായി പോയിരിക്കുകയാണെന്ന് ഹെഡ്മാസ്റ്റര്‍ പറഞ്ഞു. സ്കൂളില്‍ വരാതിരുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.