ദില്ലി: ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസ് 14 വര്‍ഷമായി ഒളിവിലായിരുന്ന പ്രധാനപ്രതി ഫറൂഖ് ഭാന അറസ്റ്റിലായി. തീവ്രവാദ വിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്തത്. മധ്യഗുജറാത്തിലെ കലോല്‍ ടോള്‍ നാകയില്‍നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഗുജറാത്തിലെ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് ട്രെയിന്‍ കത്തിച്ച കേസില്‍ പ്രധാനപ്രതിയായ ഭാന ഒളിവിലായിരുന്നു. 2002 ഫെബ്രുവരിയിലായിരുന്നു സംഭവം. അഗ്നിബാധയില്‍ 59 പേരാണു കൊല്ലപ്പെട്ടത്.
ഉത്തര്‍പ്രദേശിലെ അയോധ്യയില്‍നിന്നും കര്‍സേവകര്‍ എത്തിയ ട്രെയിനിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. 2002 ഫെബ്രുവരി 27 ന് 20 പേരുമായിചേര്‍ന്നു ഗോധ്രയിലെ ഗസ്റ്റ് ഹൗസില്‍ ഗൂഡാലോചന നടത്തിയെന്നാണു കേസ്. ഗോധ്ര സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ ട്രെയിനിന്റെ ബോഗികള്‍ക്കു തീയിടുകയായിരുന്നു. ഗോധ്ര സംഭവത്തിനു ശേഷം ഗുജറാത്തില്‍ വര്‍ഗീയ കലാപം ഉണ്ടായി. കലാപത്തില്‍ 1,100 ഓളം പേരാണു കൊല്ലപ്പെട്ടത്.
