കയറ്റുമതി ചെയ്യാനുള്ള സ്വര്‍ണത്തിന്‍റെ തൂക്കത്തില്‍ കൃത്രിമം കാട്ടി കസ്റ്റംസ് തീരുവയില്‍ വെട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാള്‍ കൊച്ചിയില്‍ അറസ്റ്റില്‍. തൃശൂര്‍ അത്താണിയിലെ സതേണ്‍ ഗോള്‍ഡ് ഡയറക്ടര്‍ കോളിന്‍സ് ആണ് പിടിയിലായത്.

തൃശൂര്‍ അത്താണിയിലെ സതേണ്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പേരില്‍ കയറ്റുമതി ചെയ്യാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയര്‍കാര്‍ഗോ കോംപ്ലക്‌സില്‍ എത്തിച്ച ആഭരണങ്ങളില്‍ കൃത്രിമം ഉണ്ടെന്ന് കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. 11 കിലോ സ്വര്‍ണമാണ് കയറ്റുമതി ചെയ്യുന്നത് എന്നാണ് രേഖകളില്‍ കാണിച്ചിരുന്നത്. എന്നാല്‍ സംശയം തോന്നിയ ഉദ്യോഗസ്‌ഥര്‍ കയറ്റുമതി ചെയ്യാനായി എത്തിച്ച 106 മാലകളും വിശദമായി പരിശോധിച്ചപ്പോള്‍ അഞ്ചരക്കിലോ മാത്രമാണ് സ്വര്‍ണമെന്ന് കണ്ടെത്തി. ബാക്കിയെല്ലാം സ്വര്‍ണത്തില്‍ പൊതിഞ്ഞ കല്ലുകളാണെന്ന് വ്യക്തമായി. തുടര്‍ന്ന് കസ്റ്റംസ് തീരുവ വെട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്ത് സതേണ്‍ ഗോള്‍ഡ് ഡയറക്ടര്‍ കോളിന്‍സിനെ അറസ്റ്റ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷ എറണാകുളം എസിജെഎം കോടതി തള്ളി. സ്ഥാപനത്തില്‍ റെയ്ഡ് നടത്തി സ്വര്‍ണം പിടിച്ചെടുത്തെന്നും ഇതുള്‍പ്പെടെ ഏഴ് കോടി രൂപ വില മതിക്കുന്ന സ്വര്‍ണം കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിച്ചില്ല.ഒരു കോടി രൂപയ്‌ക്ക് മേല്‍ വില വരുന്ന സ്വര്‍ണത്തിന്‍റെ കയറ്റുമതിയിലാണ് കൃത്രിമം ഉണ്ടായതെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. 2016 മുതല്‍ സമാനമായ കുറ്റകൃത്യങ്ങള്‍ പ്രതി ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.