നെടുമ്പാശേരി വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി. രണ്ടുദിവസമായി നടത്തിയ പരിശോധനയിലാണ് വിവിധ രൂപത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അഞ്ച് കിലോയോളം സ്വർണം പിടികൂടിയത്. നാല് പേരെ അറസ്റ്റ് ചെയ്‍തിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ നാല് യാത്രക്കാരില്‍നിന്നായാണ് 4.83 കിലോ സ്വർണം അധികൃതർ പിടികൂടിയത്. ഒമാന്‍ എയർവിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയില്‍നിന്നും ബാറ്ററി ചാർജറിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയില്‍ 84 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ജിദ്ധയില്‍നിന്നെത്തിയ കോഴിക്കോട് സ്വദേശിയില്‍നിന്നും 659 ഗ്രാം വരുന്ന സ്വർണ കട്ടികളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി കോലാലം പൂരില്‍നിന്നെത്തിയ 2 പേരില്‍നിന്നായി ഇരുപത്തിയഞ്ചര ലക്ഷം രൂപയുടെ സ്വർണവും അധികൃതർ പിടിച്ചെടുത്തു. ഇവരില്‍ ഒരാള്‍ കാസർകോട് സ്വദേശിയും, ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. മലപ്പുറം സ്വദേശി മലദ്വാരത്തിലാണ് സ്വർണം കടത്താന്‍ ശ്രമിച്ചത്. 100 ഗ്രാം വീതം തൂക്കം വരുന്ന നാല് സ്വർണ ബിസ്‍കറ്റുകളാണ് ഇയാള്‍ സ്വർണം കടത്തികൊണ്ടുവന്നത്. കാസർകോട് സ്വദേശി ബാഗിന്റെ ബീഡിങ്ങായാണ് സ്വർണം കടത്താന്‍ ശ്രമിച്ചത്. ആകെ പിടിച്ചെടുത്ത സ്വർണത്തിന് ഒന്നരകോടി രൂപയോളം വിപണിയില്‍ വിലവരും.
